ലോകത്തെയാകെ തകിടം മറിച്ച മഹാമാരിയായിരുന്നു കോവിഡ് 19. വിനാശകാരിയായ വരുത്തിയ ബുദ്ധിമുട്ടുകൾ ഇത് വരെ പൂർണമായി മാറ്റാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് ജീവനുകളാണ് കൊറോണ വൈറസ് തൂത്തെറിഞ്ഞത്. ജനജീവിതമാകെ സ്തംഭിപ്പിച്ച വൈറസ് ജനങ്ങളെ വീടിനുള്ളിൽ അടച്ചുപൂട്ടി. കോവിഡിനെ പൂർണമായും നിയനത്രണവിധേയമാക്കും മുൻപേ, ശാസ്ത്രലോകത്തെയാകെ ആശങ്കയിലാക്കി മറ്റൊരു ഡിസീസ് ലോകത്തെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ഡിസീസ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇത് സർവ്വനാശിയാകാനുള്ള സാധ്യത പതിൻമടങ്ങ് കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് യുകെയിലെ വാക്സിൻ ടാസ്‌ക്ഫോഴ്സിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച കേറ്റ് ബിംഗ്ഹാം.രോഗകാരിയെ കുറിച്ച് വ്യക്തതയില്ലാത്തത് കൊണ്ടാണ് രോഗത്തിന് ഡിസീസ് എക്‌സ് എന്ന പേര് നൽകിയിരിക്കുന്നത്. ഇത് വൈറസോ ബാക്ടീരിയോ,ഫംഗസോ വഴിയാവും പടരുക.കുരങ്ങ്, പട്ടി തുടങ്ങി ഏതു മൃഗത്തിൽനിന്നും മനുഷ്യനിലേക്ക് ഡിസീസ് എക്‌സ് വ്യാപിക്കാമെന്ന് അദ്ദേഹം പറയുന്നു.ഡിസീസ് എക്സിൽ നിന്നുള്ള ഭീഷണിയെ ലോകത്തിന് നേരിടേണ്ടിവന്നാൽ, ‘ലോകം കൂട്ട വാക്സിനേഷൻ ഡ്രൈവുകൾക്ക് തയ്യാറെടുക്കുകയും റെക്കോർഡ് സമയത്ത് ഡോസുകൾ നൽകുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുതിയ പകർച്ചവ്യാധിക്കെതിരായുള്ള വാക്‌സീൻ വികസിപ്പിക്കുകയാണ് യുകെയിലെ ഗവേഷകർ എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. യുകെ ഗവൺമെന്റിന്റെ അതീവ സുരക്ഷയുള്ള, വിൽറ്റ്ഷയറിലുള്ള പോർട്ടൺ ഡൗൺ ലബോറട്ടറി കോംപ്ലക്‌സിൽ ഇരുനൂറിലധികം ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
കോവിഡിനേക്കാൾ പ്രഹരശേഷിയുള്ള ഇത് പൊടുന്നനെ 50 ദശലക്ഷം ജീവനുകളെടുത്തേക്കാം. നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണസംഖ്യ ഇരട്ടിക്കാനും സാധ്യതയുണ്ടത്രേ.കേറ്റ് ബിംഗ്ഹാമിന്റെ ഈ പ്രവചനം ഏറെ ആശങ്കയോടെയാണ് ശാസ്ത്രജ്ഞർ നോക്കികാണുന്നത്. ഡിസീസ് എക്‌സ് മനുഷ്യനെ ഏത് വിധേനെയാണ് ബാധിക്കുക, എന്താണ് ഇതിന് ഫലപ്രദമായ മരുന്ന് എന്നൊന്നും ഇത് വരെ കണ്ടെത്താൻ സാധിക്കാത്ത ഇടത്തോളം ഇതിന്റെ അപകടഭീഷണി വലുതാണ്. മനുഷ്യരാശിയെ മുൾമുനയിലാക്കുന്ന ഇതിനെ മനുഷ്യകുലം എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്. ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റിൽ മുൻഗണനരോഗങ്ങളുടെ പട്ടികയിൽ ഡിസീസ് എക്‌സിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post