ലക്‌നൗ: അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന് സമീപം ഭീമൻ ജലധാര നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. 100 കോടി ചെലവിൽ താമരആകൃതിയിലാണ് ജലധാരനിർമ്മിക്കുന്നത്. ഒരേ സമയം 25,000 പേർക്ക് കാണാൻ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 1.5 കിലോ മീറ്റർ അകലെയാണ് നിർമ്മിതി ഉയരുക.
ഗുപ്തർഘട്ടിന് സമീപമാണ് താമരആകൃതിയിലുള്ള ജലധാര നിർമ്മിക്കുന്നത്. ജലധാരയിൽ നിന്നുള്ള വെള്ളം ഏകദേശം 50 മീറ്റർ ഉയരത്തിൽ എത്തുന്ന രീതിയിലാണ് നിർമ്മിതി.

ഹൈന്ദവ മതത്തിലെ ഏഴ് പുണ്യ നദികളോട് ഉള്ള ആദര സൂചകമായിട്ടാണ് ഏഴ് ദളങ്ങൾ ഉൾപ്പെടുന്ന താമര ആകൃതിയിൽ ജലധാര രൂപ കല്പന ചെയ്തിരിക്കുന്നതെന്നും ഏഴ് ദളങ്ങൾ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ആദരവാണെന്നുമാണ് റിപ്പോർട്ടുകൾ. ഗംഗ, യമുന, സരസ്വതി, സിന്ധു, നർമ്മദ, ഗോദാവരി, കാവേരി എന്നീ ഏഴ് നദികളെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിവരം.








