ന്യൂഡൽഹി : ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തിയിലെ സ്ഥിതിഗതികൾ അടിയന്തര നിയന്ത്രണത്തിൽ നിന്നും സാധാരണ നിലയിലേക്ക് നീങ്ങിയതായി ചൈനീസ് പ്രതിനിധി മാ ജിയ വ്യക്തമാക്കി.
ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 74-ാം വാർഷികത്തിൽ നടത്തിയ പ്രസ്താവനയിലാണ് ചാർജ് ഡി അഫയേഴ്‌സ് ആയ മാ ജിയ ഇക്കാര്യം വ്യക്തമാക്കിയത്.
“അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇരുപക്ഷവും ശ്രമങ്ങൾ നടത്തി. ഇതിനായി നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ പരസ്പരം ആശയവിനിമയം നടത്തി. അടുത്തകാലത്തായി ഉഭയകക്ഷി വ്യാപാരം ശക്തമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് . ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ വ്യാപാര അളവ് 77.6 ബില്യൺ യുഎസ് ഡോളറിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കൈമാറ്റങ്ങൾ വർദ്ധിച്ചു “- മാ ജിയ വ്യക്തമാക്കി.
ചൈനയുടെ ദേശീയ ദിനാചരണത്തിന്റെ ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈസ്റ്റ് ഏഷ്യ ഡിവിഷൻ ജോയിന്റ് സെക്രട്ടറി ഗൗരംഗലാൽ ദാസ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എസ്‌സിഒ, ബ്രിക്‌സ് ഉച്ചകോടികളിൽ പങ്കെടുക്കുകയും ബ്രിക്‌സ് ഉച്ചകോടിക്കിടെ സംഭാഷണം നടത്തുകയും ചെയ്തു എന്നത് ശ്രദ്ധേയമാണെന്നും ചടങ്ങിൽ മാ ജിയ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന 18-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുത്തതും ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിന്റെ സൂചനയാണെന്നും മാ ജിയ സൂചിപ്പിച്ചു.










Discussion about this post