ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് ഇന്ത്യ. മറ്റ് രാജ്യങ്ങളിൽ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. എന്തെങ്കിലും തെളിവുണ്ടെങ്കിൽ കാനഡ അത് ഇന്ത്യയ്ക്ക് നൽകണം. തെളിവുകൾ പരിശോധിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ തങ്ങൾ കേന്ദ്രസർക്കാരിനൊപ്പമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഖാലിസ്ഥാനി ഭീകര സംഘടനകളെ നിയന്ത്രിക്കണമെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു
അതേസമയം,നിജ്ജാർ വധത്തെ തുടർന്ന് മോശമായ ഇന്ത്യ കാനഡ നയതന്ത്ര ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തെ ബാധിക്കില്ലെന്ന് കനേഡിയൻ സൈനിക ഉപമേധാവി മേജർ ജനറൽ പീറ്റർ സ്‌കോട്ട് പറഞ്ഞു. ഇന്തോ- പസഫിക് സൈനിക മേധാവിമാരുടെ സമ്മേളനത്തിന് ഡൽഹിയിലെത്തിയതായിരുന്നു സ്‌കോട്ട്. രാഷ്ട്രീയതലത്തിൽ പരിഹരിക്കേണ്ട വിഷയമാണിത്.
ഇന്ത്യൻ സൈനിക മേധാവിയുമായി ഇക്കാര്യം സംസാരിച്ചു. സൈനിക സഹകരണത്തെ നിലവിലെ വിഷയങ്ങൾ ബാധിക്കില്ലെന്ന് അദ്ദേഹവും ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശത്ത് സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും സ്‌കോട്ട് പറയുന്നു.
Discussion about this post