ന്യൂഡൽഹി: അതിർത്തിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഡ്രോൺ വേധ സംവിധാനം വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത് സറിൽ നടന്ന 31ാമത് നോർതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെയും വളർച്ചയിലും സുരക്ഷയിലും മോദി സർക്കാർ പ്രതിജ്ഞബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തെ ഭീഷണികളെ പ്രതിരോധിക്കാൻ നമ്മുടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. രാജ്യവിരുദ്ധ ശക്തികളുടെ പല നിർണായക നീക്കങ്ങളും വിജയകരമായി ചെറുക്കാൻ ഇതിലൂടെ സാധിച്ചു. എന്നാൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാലാണ് അതിർത്തി മേഖലകളിൽ ഡ്രോൺ വേധ സംവിധാനം വിന്യസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിലും കശ്മീരിലും ഡ്രോൺ ഉപയോഗിച്ചുള്ള പാക് പ്രകോപനം വർദ്ധിക്കുകയാണ്. ലഹരിയുമായി പാക് ഡ്രോൺ പിടികൂടിയ നിരവധി സംഭവങ്ങളാണ് ഇതിനോടകം തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. അതേസമയം യോഗത്തിൽ അന്തർ സംസ്ഥാന നദീജലമുൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.
Discussion about this post