എറണാകുളം : പോക്സോ കേസിലെ ഇരയെ പ്രതി വിവാഹം ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതി കേസ് റദ്ദാക്കി. വിവാഹിതരായതിനാൽ പ്രോസിക്യൂഷൻ തുടരുന്നതിൽ പ്രയോജനമില്ലെന്ന വിലയിരുത്തലിലാണ് കേസ് റദ്ദാക്കിയത്. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് പ്രതിയായ പത്തനാപുരം സ്വദേശി ഹർജി നൽകിയിരുന്നു.തുടർന്നാണ് കേസ് റദ്ദാക്കാൻ ജസ്റ്റീസ് കെ ഗോപിനാഥൻ ഉത്തരവിട്ടത്.

പ്രായപൂർത്തിയാകുന്നതിന് മുൻപും അതിനു ശേഷവും പ്രതി പീഡിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. പത്തനാപുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇപ്പോൾ കേസ് പുനലൂർ പോക്സോ കോടതിയുടെ പരിഗണനയിലായിരുന്നു.
കഴിഞ്ഞ ജൂൺ അഞ്ചിന് ഇരുവരും വിവാഹിതരായി.ഇരുവരും വിവാഹശേഷം ഒരുമിച്ചാണ് കഴിയുന്നതെന്ന് പ്രോസിക്യൂഷനും അറിയിച്ചു. തുടർന്ന് പോക്സോ കോടതിയിലെ തുടർനടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.








