അഹമ്മദാബാദ് : കാറിനുള്ളിൽ കുടുങ്ങിപോയതിനെ തുടർന്ന് അഞ്ചുവയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലാണ് സംഭവം. ആദിത്യ രവീന്ദ്ര ഭാരതി എന്ന അഞ്ചുവയസ്സുകാരനാണ് മരണപ്പെട്ടത്. അമ്മ കുളിക്കാൻ വിളിച്ചതിനെ തുടർന്നാണ് കുട്ടി വീടിന് സമീപത്തുള്ള കാറിനകത്ത് ഒളിച്ചിരുന്നത്. എന്നാൽ പിന്നീട് പുറത്തിറങ്ങാനാകാതെ കാറിനുള്ളിൽ കുടുങ്ങി പോവുകയായിരുന്നു.
വീടിനു സമീപമുള്ള പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരൻ ആണ് മരണപ്പെട്ട കുട്ടിയുടെ അച്ഛൻ രവീന്ദ്ര ഭാരതി. ഉത്തർപ്രദേശിലെ കാഞ്ചൻപൂർ ഗ്രാമത്തിൽ നിന്ന് രവീന്ദ്ര തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും അടുത്തിടെയാണ് ജുനാഗഡിലേക്ക് കൊണ്ടുവന്നിരുന്നത്.
കുട്ടിയുടെ അമ്മ മൂന്നു വയസ്സുകാരനായ ഇളയ സഹോദരനെ കുളിപ്പിക്കുന്ന സമയത്താണ് ആദിത്യ കാറിനകത്തു കയറി ഒളിക്കുന്നത്. കുട്ടിയുടെ വീടിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഫാക്ടറിയുടെ സമീപത്തായി പാർക്ക് ചെയ്തിരുന്ന കാറിനകത്താണ് കുട്ടി കയറിയത്. എന്നാൽ കാറിനകത്ത് നിന്നും തിരിച്ചിറങ്ങാൻ കഴിയാത്ത ആയതോടെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു.
കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് അമ്മ വീടിന് അകത്തും പരിസരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയുടെ അച്ഛനും ഫാക്ടറി ജീവനക്കാരും ചേർന്ന് തിരച്ചിൽ നടത്തി. ഇതിനിടെ ഫാക്ടറിയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ആദിത്യ ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്തിരുന്ന കാറിനകത്ത് കയറുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാറിൽ നിന്നും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post