ഹാങ്ഷൂ: ട്വന്റി 20 യിലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ 16 വർഷം പഴക്കമുളള അതിവേഗ അർദ്ധസെഞ്ചുറിയെന്ന റെക്കോഡ് പഴങ്കഥയാക്കി നേപ്പാൾ താരം. 9 പന്തിൽ നിന്ന് അർദ്ധസെഞ്ചുറി നേടിയാണ് നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് പുതിയ റെക്കോഡ് കുറിച്ചത്. ആറ് പന്തുകൾ സിക്‌സറുകൾ പറത്തിയ ദീപേന്ദ്ര അടുത്ത മൂന്ന് പന്തുകളിൽ 14 റൺസ് കൂട്ടിച്ചേർത്താണ് പുതിയ റെക്കോഡ് കുറിച്ചത്.
ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്‌ക്കെതിരായ മത്സരത്തിലാണ് ദീപേന്ദ്രയുടെ മിന്നും പ്രകടനം. ട്വന്റി 20 യിൽ ആദ്യമായി 300 ൽ കൂടുതൽ റൺസ് നേടുന്ന ടീമായും നേപ്പാൾ ഈ മത്സരത്തിൽ റെക്കോഡ് കുറിച്ചു. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് നേപ്പാൾ അടിച്ചെടുത്തത്.
ട്വന്റി-20 യിലെ അതിവേഗ സെഞ്ചുറിയും മത്സരത്തിൽ പിറന്നു. 19 കാരനായ കുശാൽ മല്ലയാണ് ഈ നേട്ടം കൈവരിച്ചത്. ഇടംകൈയ്യൻ ബാറ്റർ ആണ് കുശാൽ മല്ല. 34 പന്തിലായിരുന്നു സെഞ്ചുറി. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും ഇന്ത്യൻ താരം രോഹിത് ശർമ്മയും കുറിച്ച റെക്കോഡാണ് കുശാൽ മല്ല പഴങ്കഥയാക്കിയത്. ഇരുവരും 35 പന്തുകളിൽ നിന്നായിരുന്നു സെഞ്ച്വറി കുറിച്ചത്.
മൂന്നാമൂഴത്തിൽ ബാറ്റിംഗിനിറങ്ങിയ കുശാൽ മല്ല 12 സിക്‌സുകളും എട്ട് ഫോറുകളും ഉൾപ്പെടെ തകർപ്പൻ അടിയുമായി 137 റൺസാണ് നേടിയത്. മല്ലയുടെ ബാറ്റിംഗ് വെടിക്കെട്ടിലായിരുന്നു നേപ്പാൾ 314 എന്ന സ്വപ്‌ന സ്‌കോറിലേക്ക് എത്തിയത്.
അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയാണ് ദീപേന്ദ്ര സിംഗ് അർദ്ധസെഞ്ചുറിയിൽ റെക്കോഡ് കുറിച്ചത്. 2007 ലെ ലോകകപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ടിനെതിരെ 12 പന്തുകളിൽ നിന്ന് അർദ്ധസെഞ്ചുറി നേടിയതായിരുന്നു യുവിയുടെ റെക്കോഡ്. സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ ആറ് പന്തിലും സിക്‌സർ പായിച്ച യുവിയുടെ ബാറ്റിംഗ് വീഡിയോ ഇന്നും ഇന്റർനെറ്റിൽ തരംഗമാണ്.
മത്സരത്തിൽ 273 റൺസിനായിരുന്നു നേപ്പാൾ വിജയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ മംഗോളിയയുടെ സ്‌കോർ 41 റൺസിലൊതുങ്ങിയതോടെയാണ് നേപ്പാളിന്റെ വൻമാർജിനിലെ വിജയം.
Discussion about this post