ബംഗളുരു : കർണാടകയിലെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു മാനാണ്. കാട്ടിലൂടെ കറങ്ങി മടുത്തപ്പോൾ ചെറുതായൊന്ന് നാടുകാണാൻ ഇറങ്ങിയതായിരുന്നു ഈ പാവം. പക്ഷേ ചെന്ന് പെട്ടതോ നാട്ടിലെ ഭീകരന്മാരായ തെരുവ് നായക്കൂട്ടത്തിന്റെ മുൻപിലും. നായ് കൂട്ടം ആക്രമിക്കാനായി ചാടിവീണപ്പോൾ പിന്നെ വേറൊന്നും നോക്കിയില്ല, നേരെ വിട്ടു പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് മാമന്മാർ കാര്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്തതോടെ ആള് ഹാപ്പിയായി.
മൈസൂരുവിലെ നഞ്ചൻഗുഡ് മേഖലയിലാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി മാൻ പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയത്. നായ്ക്കളുടെ കടിയേറ്റ് കഴുത്തിൽ നാലോളം മുറിവുകളേറ്റ നിലയിലായിരുന്നു മാൻ ഉണ്ടായിരുന്നത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാർ പെട്ടെന്ന് തന്നെ മാനിന് പ്രഥമ ശുശ്രൂഷ നൽകി. മുറിവുകളിൽ മഞ്ഞൾ പുരട്ടി രക്തസ്രാവം നിർത്തുകയും ചെയ്തു.
തെരുവ് നായ്ക്കൾ നഞ്ചൻകോട് നഗരത്തിൽ പലയിടത്തുമായി ഓടിച്ച മാൻ നഞ്ചുണ്ടേശ്വര് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷന് മുന്നിലെ ബാരിക്കേഡ് ചാടിക്കടന്നാണ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. രക്തസ്രാവം നിർത്താനായി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പോലീസ് വനം വകുപ്പിനെയും വെറ്റിനറി വിഭാഗത്തെയും അറിയിച്ചു. ഇവർ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയപ്പോൾ ഒന്നര വയസ്സുള്ള ആൺമാനാണ് ഇതെന്ന് മനസ്സിലാക്കി. വിദഗ്ധ ചികിത്സ നൽകിയശേഷം മാനിനെ കാട്ടിലേക്ക് തന്നെ കൊണ്ടുവിടാൻ ഒരുങ്ങുകയാണ് കർണാടക വനം വകുപ്പ്.








