ചണ്ഡീഗഡ്: പഞ്ചാബിലേക്ക് ഡ്രോണിൽ ലഹരി അയച്ച് പ്രകോപനം തുടർന്ന് പാകിസ്താൻ. അമൃത്‌സർ ജില്ലയിലെ രാജാതൽ ജില്ലയിലാണ് വീണ്ടും ലഹരിയുമായി പാക് ഡ്രോൺ എത്തിയത്. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അതിർത്തിയ്ക്ക് സമീപത്തെ വയലിൽ ബിഎസ്എഫ് പരിശോധന നടത്തിയിരുന്നു. അപ്പോഴായിരുന്നു ഡ്രോൺ കണ്ടെത്തിയത്. അതിർത്തി കടന്ന് ഡ്രോൺ എത്തുന്നതുമായി ബന്ധപ്പെട്ട് ബിഎസ്എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ബിഎസ്എഫ് സ്ഥലത്ത് എത്തിയത്. പരിശോധനയ്ക്കിടെ വയലിൽ വീണ നിലയിൽ ഡ്രോൺ കാണുകയായിരുന്നു.
ഡ്രോണിൽ ഘടിപ്പിച്ച കുപ്പിയിൽ ആയിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്. ഹെറോയിൻ ആണ് ഇതെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനകൾ ബിഎസ്എഫ് ആരംഭിച്ചു. ചൈനീസ് നിർമ്മിത ഡ്രോണാണ് കണ്ടെത്തിയത് എന്നാണ് ബിഎസ്എഫ് അറിയിക്കുന്നത്. ഖ്വാഡ്‌കോപ്റ്റർ മോഡൽ ജിഐജെ മാവിക് 3 ക്ലാസിക് ആണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരി വസ്തുവിന് അര കിലോയോളം തൂക്കം വരുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ അതിർത്തി കടന്ന് പഞ്ചാബിലേക്ക് പാക് ഡ്രോൺ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുഗരാഗമിക്കുന്നതിനിടെയാണ് മറ്റൊരു സംഭവം കൂടി ഉണ്ടാകുന്നത്.
Discussion about this post