ന്യൂഡൽഹി :മലയാളി വ്യവസായിയെ ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി പി സുജാതൻ (60)ആണ് കൊല്ലപ്പെട്ടത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിൽ കെട്ടി തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എസ് എൻ ഡി പി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്നു സുജാതൻ.
ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. രാവിലെ നടക്കാനിറങ്ങിയവരാണ് വീടിനു സമീപത്തെ പാർക്കിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങൾ ഉണ്ട്.
മൃതദേഹം കെട്ടിത്തൂക്കിയതിനു സമീപത്തുനിന്നും സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post