അഹമ്മദാബാദ്: ഗുജറാത്തിലെ നർമദ ജില്ലയിലെ സെലംബ മേഖലയിൽ ഹിന്ദു സംഘടനകൾ സംഘടിപ്പിച്ച ശൗര്യ യാത്രയ്ക്ക് നേരെ തീവയ്പ്പും കല്ലേറും. പ്രദേശത്ത് കൂടി ജാഥ കടന്നു പോകുന്നതിനിടെ ഒരു കൂട്ടം മുസ്ലീം യുവാക്കളാണ് ഇവിടേക്ക് ഓടിയെത്തിയ ശേഷം കല്ലെറിയാൻ ആരംഭിച്ചത്. സ്ഥലത്തുള്ള ചില കടകൾക്കും അക്രമിസംഘം തീവച്ചു. ബജ്രംഗദളിന്റെ നേതൃത്വത്തിലാണ് ശൗര്യ ജാഗരൺ യാത്ര നടത്തിയത്.
സെലംബ എന്ന സ്ഥലത്ത് ജാഥ അവസാനിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. മുസ്ലീങ്ങൾ കൂടുതലായി താമസിക്കുന്ന ഈ പ്രദേശത്ത് എത്തിയതോടെയാണ് കല്ലേറ് ഉണ്ടായത്. ഈ വീഡിയോ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മുസ്ലീം പള്ളിയുടെ മുന്നിൽ നിന്നു കൊണ്ട് ആളുകൾ ജാഥയ്ക്ക് നേരെ കല്ലെറിയുന്നതായി ഇതിൽ കാണാം.
വിവരമറിഞ്ഞ് വലിയ തോതിൽ പോലീസ് സംഘവും സ്ഥലത്ത് എത്തി. അക്രമികളെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സെലംബയിൽ ലോക്കൽ ക്രൈം ബ്രാഞ്ച്, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുജറാത്തിൽ രണ്ടാഴ്ചയ്ക്കിടെ ഹിന്ദു ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.












