ലക്‌നൗ: ഉത്തർപ്രദേശിലെ ഹിന്ദു ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഭക്തരെ ആക്രമിച്ചയാൾ അറസ്റ്റിൽ. ഉന്നാവോ സ്വദേശി ജാവേദ് ആണ് അറസ്റ്റിലായത്. പ്രദേശത്തെ പ്രസിദ്ധ ക്ഷേത്രമായ ബാബാ ബോധേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ആയിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം. ഭദ്രപദ് പൂർണിമ ആയതിനാൽ ഇതുമായി ബന്ധപ്പെട്ട പൂജകൾ പുരോഗമിക്കുകയായിരുന്നു. നിരവധി പേരാണ് ഇതിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നത്. പൂജകൾ പുരോഗമിക്കുന്നതിനിടെ ലാത്തിയുമായി ക്ഷേത്രത്തിനുള്ളിലേക്ക് ജാവേദ് അതിക്രമിച്ച് കടക്കുകയായിരുന്നു. വാതിൽക്കൽ വച്ച് ഇയാളെ തടയാൻ ക്ഷേത്രം ജീവനക്കാരൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പൂജാ വേളയിൽ പ്രാർത്ഥനയിൽ മുഴുകിയ ഭക്തരെയെല്ലാം ജാവേദ് ആക്രമിച്ചു. തുടർന്ന് ശ്രീകോവിലിന് മുകളിലേക്ക് കയറി ശിവലിംഗം അടിച്ച് തകർക്കാനും ശ്രമം ഉണ്ടായി. ഇതോടെ ഭക്തരെല്ലാവരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന് കൈമാറി.
ആക്രമണത്തിൽ 10 ഓളം പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആക്രമണത്തിന് ഇരയായ മിലാൻ സിംഗ് ജാവേദിനെതിരെ പോലീസിൽ പരാതി നൽകി. ഇതിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. വധശ്രമത്തിന് ഉൾപ്പെടെയാണ് ജാവേദിനെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post