ചൊവ്വയിലെ ജസെറോ ഗര്‍ത്തത്തില്‍ പതിവ് പര്യവേക്ഷണ ദൗത്യത്തിലായിരുന്ന നാസയുടെ പെര്‍സിവിയിറന്‍സ് റോവറാണ് അപൂര്‍വ്വ കാഴ്ച പകര്‍ത്തിയത്. പൊടി പടലങ്ങള്‍ വായുവിലുയര്‍ന്നു പൊങ്ങി വലിയൊരു പൊടിച്ചുഴലിയായി നീങ്ങുന്ന ദൃശ്യങ്ങളാണ് പകര്‍ത്തിയത്. കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ 19 കിമീ വേഗതയിലാണ് പൊടി ചുഴലി നീങ്ങിയിരുന്നത്.
ഓഗസ്റ്റ് 30 പേടകം പകര്‍ത്തിയ രംഗം കഴിഞ്ഞ ദിവസമാണ് നാസ പുറത്ത് വിട്ടത്. റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ച് 4 സെക്കന്റ് ദൈര്‍ഘ്യമുള്ള 21 ഫ്രെയിം വീഡിയോ നാസ ഒരുക്കിയിട്ടുണ്ട്. പേടകം നില്‍ക്കുന്നതിന് 4 കിമീ അകലെയുള്ള തോറോഫെയര്‍ റിഡ്ജ് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് ഈ പൊടിച്ചുഴലി രൂപപ്പെട്ടത്. ഇതിന് 60 മീറ്ററോളം വീതിയുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ കണക്ക് കൂട്ടുന്നു. വീഡിയോയില്‍ പക്ഷെ പൊടിച്ചുഴലിയുടെ ഏകദേശം 18 മീറ്റര്‍ മാത്രമുള്ള താഴ് ഭാഗം മാത്രമാണ് റോവറിന് പകര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിന്റെ നിഴലിന്റെ വലിപ്പം പരിശോധിച്ചാല്‍ ഒരു 2 കിലോമീറ്ററെങ്കിലും ഉയരം ഈ പൊടിച്ചുഴലിക്കുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
https://twitter.com/NASAPersevere/status/1707804949860724973
വരണ്ട കാലാവസ്ഥകളില്‍ ഭൂമിയിലും സാധാരണയായി പൊടിച്ചുഴലി ഉണ്ടാകാറുണ്ട്. എന്നാല്‍ ചൊവ്വയില്‍ ഉണ്ടാകുന്ന പൊടിച്ചുഴലി ഭൂമിയില്‍ ഉണ്ടാകുന്നതിനേക്കാള്‍ വളരെ വലുതാണ്. എങ്കിലും ഭൂമിയിലെ ചുഴലിക്കാറ്റിനേക്കാള്‍ ചെറുതും ശക്തി കുറഞ്ഞതുമായിരിക്കും ഇത്. ചൊവ്വയിലെ വസന്തകാലത്തും വേനല്‍കാലത്തുമാണ് ഇത് കൂടുതലായും കാണുക. ചൊവ്വയിലെ ഉത്തരാര്‍ദ്ധഗോളത്തിലാണ് പെര്‍സിവിയറന്‍സ് റോവര്‍ ഇപ്പോഴുള്ളത്. ഈ പ്രദേശത്ത് ഇപ്പോള്‍ വേനലാണ്. ചൊവ്വയിലെ കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി ഈ പൊടിച്ചുഴലിയെക്കുറിച്ചും ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്.
Discussion about this post