ന്യൂഡൽഹി : വന്ദേ ഭാരത് ട്രെയിനിൽ പുതിയ രീതിയിലുള്ള ശുചീകരണ പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഇന്ന് മുതലാണ് പുതിയ രീതിയിലുള്ള ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. ട്രെയിനിന്റെ വേഗത പരിഗണിച്ച് വെറും 14 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുന്ന ജപ്പാൻ മാതൃകയിലുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
പുതിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാല് വീതം ക്ലീനിംഗ് സ്റ്റാഫുകളെയാണ് നിയമിക്കുന്നത്. ഇവർ അനുവദിച്ച സമയത്തിനുള്ളിൽ കോച്ച് പൂർണമായും വൃത്തിയാക്കണം. ഇത്തരത്തിൽ എല്ലാ കോച്ചുകളിലും നാല് വീതം ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് മണിക്കൂറെടുത്താണ് ശുചീകരണം നടത്തിയിരുന്നത്.
ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളിൽ ഈ പദ്ധതിയാണ് നടപ്പിലാക്കുന്നത്. സ്റ്റാഫുകളെ നിയമിച്ച് ഏഴ് മിനിറ്റിനകം ട്രെയിൻ മുഴുവൻ ശുചീകരിക്കാറുണ്ട്. ഈ മാതൃകയാണ് ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്.
ക്ലീനിംഗ് ജീവനക്കാർക്കായി മോക്ഡ്രിൽ ഉൾപ്പെടെ ഒരു മാസത്തെ പരിശീലനം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വന്ദേ ഭാരത് ട്രെയിനിൽ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അധികം വൈകാതെ എല്ലാ ട്രെയിനുകളിലും ഈ അതിവേഗ ശുചീകരണ പദ്ധതി നടപ്പിലാക്കും.








