കൊച്ചി: പേരിടുന്നതിനെച്ചൊല്ലി അച്ഛനമ്മമാർ തമ്മിൽ തർക്കവും നിയമപോരാട്ടവും ശക്തമായതോടെ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി. തർക്കം പരിഹരിക്കാൻ കാലതാമസമുണ്ടാകുമെന്നും അത് കുട്ടിയുടെ ക്ഷേമത്തിനും താൽപ്പര്യത്തിനും തടസ്സമാകുമെന്നും വിലയിരുത്തിയാണ് കോടതിയുടെ നടപടി.പ്രായപൂർത്തിയാക്കാത്ത കുട്ടികളുടെ രക്ഷിതാവാണെന്നത് ഉൾപ്പെടെയുള്ള പേരൻസ് പാട്രിയ എന്ന നിയമാധിക്കാരം പ്രയോഗിച്ചാണ് കുട്ടിയുടെ അമ്മയുടെ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമന്റെ ഉത്തരവ്.
2020 ഫെബ്രുവരി 12ന് കുട്ടി ജനിച്ച ശേഷം പേരിടുന്നതിനെ ചൊല്ലി വേർപിരിഞ്ഞ രക്ഷിതാക്കൾ തർക്കത്തിലായതിനെ തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ചേർക്കാൻ ഒരു പേര് നിർദേശിച്ച് മാതാവ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെ സമീപിച്ചെങ്കിലും പിതാവിൻറെ അനുമതിയും രജിസ്ട്രാർ ആവശ്യപ്പെട്ടു. എന്നാൽ, മറ്റൊരു പേരിടണമെന്ന നിലപാട് പിതാവ് സ്വീകരിച്ചതോടെയാണ് പ്രശ്‌നം കോടതിയിലെത്തിയത്. താൻ നിർദേശിച്ച പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടിയെ നിലവിൽ സംരക്ഷിക്കുന്ന അമ്മ നിർദേശിച്ച പേരിന് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് കണ്ടെത്ത കോടതി, ഒപ്പം പിതൃത്വത്തിൽ തർക്കമില്ലാത്തതിനാൽ, പിതാവിന്റെ പേരുകൂടി കുട്ടിയുടെ പേരിനോട് ചേർക്കണമെന്ന് അറിയിച്ച് കുട്ടിക്ക് പേരിടുകയായിരുന്നു.












