ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് അഭിമാനമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ. പുരുഷന്മാരുടെ 800 മീറ്ററിൽ വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 67 ആയി ഉയർന്നു.
വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയുടെ പാറുൾ ചൗധരി സ്വർണം നേടി. അവസാന നിമിഷമായിരുന്നു താരം സ്വർണത്തിലേക്ക് കുതിച്ചത്. നിലവിൽ 14 സ്വർണമാണ് രാജ്യത്തിന് ലഭിച്ചത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജ് വെങ്കലം നേടി. 55.68 സമയം കൊണ്ടാണ് വിദ്യ ഓടിയെത്തിയത്. സ്‌ക്വാഷിൽ പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാൽ വെങ്കലമെഡൽ നേടി. മിക്‌സ്ഡ് ഡബിൾസിൽ ദീപികാ പള്ളിക്കലും ഹരീന്ദർ സിംഗ് സഖ്യവും വെങ്കലം ഉറപ്പിച്ചിട്ടുണ്ട്.
ബോക്‌സിംഗിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ ഫൈനലിൽ എത്തി. ഇതോടെ പാരിസ് ഒളിംപിക്‌സ് യോഗ്യതയും നേടിയെടുത്തു. കനോയിംഗ് 1000 മീറ്റർ ഡബിൾസിൽ ഇന്ത്യയുടെ പുരുഷ സഖ്യവും മെഡൽ നേടി. അർജുൻ സിംഗ്- സുനിൽ സിംഗ് സഖ്യം വെങ്കല മെഡലാണ് നേടിയത്.
ഏഷ്യൻ ഗെയിംസിന്റെ മെഡൽ പട്ടികയിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 14 സ്വർണം, 26 വെള്ളി, 27 വെങ്കലം എന്നിങ്ങനെയാണ് രാജ്യത്തിന്റെ മെഡലുകൾ.
Discussion about this post