എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയ്ക്ക് മുൻപിൽ സ്വത്ത് വിവരങ്ങൾ ഹാജരാക്കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ. പ്രതിനിധികൾ വഴിയാണ് സ്വത്തിന്റെ വിശദാംശങ്ങൾ ഇഡിയ്ക്ക് കൈമാറിയത്. സ്വന്തം പേരിലുള്ളതും കുടുംബാംഗങ്ങളുടെ പേരിലുള്ളതുമായ സ്വത്തുക്കളുടെ വിശദാംശങ്ങളാണ് ഹാജരാക്കിയിട്ടുള്ളത്.
സ്വത്തുക്കൾ ഹാജരാക്കാൻ കണ്ണന് ഇഡി നൽകിയിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ഇതേ തുടർന്നാണ് ഇന്ന് രാവിലെ പ്രതിനിധികൾ വഴി സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇഡിയ്ക്ക് കൈമാറിയത്. ആദായനികുതി അടയ്ക്കുന്നതിന്റെ രേഖകളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ സ്വത്തു വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് രണ്ട് തവണ കണ്ണന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ രേഖകൾ ഹാജരാക്കിയിരുന്നില്ല. ഇതോടെ മൂന്നാം തവണ അന്ത്യശാസനം നൽകി നോട്ടീസ് നൽകുകയായിരുന്നു. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് ഇഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ കണ്ണന് പങ്കുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് സി പി എം നേതാവായ എം കെ കണ്ണൻ. കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാർ തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ചില ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഇഡി ചോദ്യം ചെയ്തത്.












