ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി. കെജ്രിവാള് മദ്യനയ അഴിമതികളുടെ രാജാവാണെന്നും കൈവിലങ്ങുകള്‍ വിദൂരമല്ലെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം എഎപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എഎപി എംപി സഞ്ജയ് സിംഗിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട മറ്റു ചിലരും നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
“ഡല്‍ഹി മദ്യ നയ കേസിലെ പ്രതികളിലൊരാളായ ദിനേഷ് അറോറ സഞ്ജയ് സിംഗ് എംപിയുടെ സാന്നിധ്യത്തില്‍ കെജ്രിവാളിന് ചെക്ക് വഴി 32 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി അന്വേഷണ ഏജന്‍സിയോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിനായി പണം നല്‍കണമെന്ന് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്നാണ് ദിനേഷ് പറഞ്ഞത്. കെജരിവാളിന്റെ ഇടം കൈയ്യായാണ് സഞ്ജയ് സിംഗ് പ്രവര്‍ത്തിക്കുന്നത്”, ഗൗരവ് ഭാട്ടിയ പറഞ്ഞു.
അദ്ദേഹത്തിന്റെ വലം കൈ മനീഷ് സിസോദിയ കഴിഞ്ഞ കുറേ മാസങ്ങളായി ജയിലില്‍ കിടന്നുറങ്ങുകയാണ്. കെജ്രിവാളിന്റെ ഇടം കൈയും വലം കൈയും അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. തന്റെ ഖജനാവ് നിറയ്ക്കാന്‍ എംപിമാരെയും മന്ത്രിമാരെയും അഴിമതിക്ക് പ്രേരിപ്പിക്കുന്നത് കെജ്രിവാളാണെന്നും ബിജെപി വക്താവ് ആരോപിച്ചു. ദിനേഷില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെങ്കില്‍ കെജ്രിവാള് പത്ര സമ്മേളനം വിളിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കണമെന്നും ബിജെപി വെല്ലുവിളിച്ചു.
Discussion about this post