ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി. മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ ഗോൾ വീതം നേടി. മലയാളി താരം പി.ആർ. ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾവല കാത്തത്.
ഗെയിംസിൽ ഇന്ത്യയുടെ 22- ാം സ്വർണമാണിത്. വമ്പൻ നേട്ടത്തോടെ പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യതയുെ ഇന്ത്യ നേടി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വർണമാണിത്. ഇതിനുമുൻപ് 1966, 1998, 2014 ഏഷ്യൻ ഗെയിംസുകളിലാണ് ഇന്ത്യ സ്വർണം നേടിയത്.
സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 5-3ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. അതേ സമയം ആതിഥേയരായ ചൈനയെ 3-2ന് തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിൽ പ്രവേശിച്ചത്.
ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 94ലേക് എത്തി. 22 സ്വർണവും 34 വെള്ളിയും 38 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി.
Discussion about this post