ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ. 2018 ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോർഡ് മറികടന്ന് ഇന്ത്യ 100 മെഡലുകളെന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 95 മെഡലുകളാണ് പത്താംദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
നിലവിൽ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവും ഉൾപ്പെടെ 95 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഷൂട്ടിംഗിലും അത്‌ലറ്റിക്‌സിലുമാണ് ഇന്ത്യ ഏറ്റവും അധികം മെഡലുകൾ കൊയ്തത്. 187 സ്വർണം 104 വെള്ളി,63 വെങ്കലം എന്നിവ ഉൾപ്പെടെ 354 മെഡലുകളാണ് ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ അക്കൗണ്ടിൽ. 47 സ്വർണം, 57 വെള്ളി,64 വെങ്കലം എന്നിവയുമായി 168 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള ജപ്പാനുള്ളത്. മൂന്നാം സ്ഥാനത്തുള്ള കൊറിയയ്ക്ക് 36 സ്വർണവും 49 സിൽവറും 84 വെങ്കലവും ഉൾപ്പെടെ 169 മെഡലുകളാണ് ഉള്ളത്.
ഏഷ്യൻ ഗെയിംസിന്റെ 13 ാം ദിനത്തിൽ അമ്പെയ്ത്തിൽ പുരുഷന്മാരുടെ റിക്കർവ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടി. ഫൈനലിൽ കൊറിയയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. വനിതകളുടെ റിക്കർവ് ഇനത്തിൽ ഇന്ത്യ വെങ്കലമെഡൽ സ്വന്തമാക്കി. സെപക് താക്രോയിൽ ഇന്ത്യൻ വനിതാ ടീം വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 61 കിലോ വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യൻ പുരുഷ കബഡി ടീം പാകിസ്താനെ തകർത്ത് ഫൈനലിലെത്തി മെഡലുറപ്പിച്ചു.കബഡിയിൽ മെഡലുറപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഫൈനലിലെത്തി.
95 മെഡലുകൾ നിലവിൽ സ്വന്തമാക്കിയ ഇന്ത്യ ചില ഇനങ്ങളിൽ സെമിയിലും ഫൈനലിലും കയറി മെഡലുകൾ ഉറപ്പിച്ചിട്ടുണ്ട്. അമ്പയ്ത്തിലും കബഡിയിലും ബാഡ്മിന്റണിലും ഉൾപ്പെടെ 8 ഓളം ഇനങ്ങളിൽ ഇന്ത്യയ്ക്ക് ഉറച്ച മെഡലുകളുണ്ട്. അമ്പെയ്ത്ത് പുരുഷ വിഭാഗത്തിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുറപ്പാണ്. ഫൈനലിൽ മത്സരിക്കുന്നത് ഇന്ത്യയുടെ അഭിഷേക് വർമയും ഓജസ് പ്രവീൺ ദിയോതാലെയുമാണ്. ഇതോടെ സ്വർണവും വെള്ളിയും ഇന്ത്യ നേടുമെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. അന്നുതന്നെ അമ്പെയ്ത്ത് വനിതാ വിഭാഗം ഫൈനലിൽ ഇന്ത്യയുടെ ജ്യോതി സുരേഷ വെന്നം മത്സരിക്കുന്നുണ്ട്. ഇതിലും മെഡലുറപ്പാണ്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 98-ൽ എത്തും.
ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം സെമിയിലെത്തിയിട്ടുണ്ട്. സെമിയിൽ പരാജയപ്പെട്ടാലും ടീം വെങ്കലം ഉറപ്പിക്കും. ഇതോടെ മെഡൽ നേട്ടം 99-ൽ എത്തും. കബഡിയിൽ പുരുഷ-വനിതാ ടീമുകൾ ഫൈനലിലെത്തിയിട്ടുണ്ട്. ഈ രണ്ട് മത്സരങ്ങളിലും മെഡലുറപ്പാണ്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 101-ൽ എത്തും.ക്രിക്കറ്റിലും ഇന്ത്യ ഫൈനലിലുണ്ട്. സ്വർണത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. ഇതോടെ ആകെ മെഡൽ 102-ൽ എത്തുമെന്ന് ഉറപ്പായി
ഗുസ്തി, വനിതാ ഹോക്കി, ചെസ്, സോഫ്റ്റ് ടെന്നീസ്, തുഴച്ചിൽ, റോളർ സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post