കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ വലിയ ഭൂചലനവും അഞ്ചോളം തുടർ ചലനങ്ങളും ആണ് ഉണ്ടായത്. ഭൂചലനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി യു എൻ റിപ്പോർട്ട് ചെയ്തു. ആയിരത്തിലേറെ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
രാവിലെ 11നാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് മേഖലയിൽ നിന്നും 40 കിലോമീറ്റർ വടക്കു പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യ ഭൂകമ്പത്തിന് ശേഷം അഞ്ചോളം തുടർ ചലനങ്ങൾ ഉണ്ടായി. 5.5, 4.7, 6.3, 5.9, 4.6 തീവ്രതയുള്ളവയായിരുന്നു തുടർചലനങ്ങൾ.
ഭൂചലനത്തെ തുടർന്ന് ഹെറാത്തിലും സമീപപ്രദേശങ്ങളിലുമായി നിരവധി കെട്ടിടങ്ങൾ തകരുകയും വ്യാപകമായ മണ്ണിടിച്ചിലും മറ്റും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് സൂചന. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 5.9 തീവ്രതയുള്ള ഭൂചലനത്തിൽ ആയിരത്തിലേറെ ആളുകൾ മരണപ്പെട്ടിരുന്നു.
Discussion about this post