ചെറുതോണി: 2018 ലെ പ്രളയത്തിൽ തകർന്ന ചെറുതോണി പാലത്തിന്റെയും മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ഉദ്ഘാടനം 12 ന് നടക്കും. 2 മണിക്ക് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോട്സ് സെൻറർ ഗ്രൗണ്ടിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുക.
പ്രളയത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കുന്ന തരത്തിലാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. 40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനിലാണ് പാലം നിർമ്മിച്ചത്. 120 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശത്തെയും നടപ്പാത ഉൾപ്പെടെ 18 മീറ്ററാണ് വീതി.
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത –വ്യോമയാന സഹമന്ത്രി ജന. ഡോ. വി.കെ. സിങ്ങ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, എം.എൽ.എ.മാർ, ഡീൻ കുര്യാക്കോസ് എംപി എന്നിവർ പങ്കെടുക്കും.
കഴിഞ്ഞ ദിവസം എൻ.എച്ച്-85 മൂവാറ്റുപുഴ, കോതമംഗലം എന്നീ ബൈപാസുകൾക്ക് 1720 കോടിയുടെ അംഗീകാരമുൾപ്പെടെ ദേശീയപാതകളുടെ നവീകരണത്തിനും വികസനത്തിനും നിരവധി പദ്ധതികളാണ് ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ കഴിഞ്ഞ 4 വർഷം ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി
കേന്ദമന്ത്രി നിതിൻ ഗഡ്ഗരിക്ക് ഇടുക്കി ജനതയുടെ പേരിൽ നന്ദി അറിയിക്കുന്നതായും എംപി പറഞ്ഞു.
പ്രത്യേക വിമാനത്തിൽ എത്തിച്ചേരുന്ന ഗഡ്കരി രാവിലെ 11 മണിക്ക് കാസർകോട് നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതി സമർപ്പണത്തിനും ശേഷം പ്രത്യേക ഹെലികോപ്റ്ററിലാണ് മൂന്നാറിൽ എത്തുക.












