കൊച്ചി: ഹമാസ് ഭീകരർക്കെതിരെ
പോരാട്ടം നടക്കുന്ന ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും അവരുടെ ഏത് ആവശ്യങ്ങൾക്കും ഇന്ത്യൻ എംബസിയെ സമീപിക്കാമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ വാസ സ്ഥലത്തിന് സമീപ പ്രദേശത്ത് തന്നെ നിൽക്കാനാണ് പറഞ്ഞത്. അവിടെയുളളവർക്കാണ് അവിടുത്തെ സാഹചര്യം അറിയാവുന്നത്. അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ട് നേരിട്ടാലും എംബസിയെ സമീപിക്കാം. എംബസിയുടെ നമ്പർ ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. മലയാളികൾ അടക്കം നിരവധി പേർ ഇസ്രയേലിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കാൻ സർക്കാർ നീക്കം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുളളതാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്നലെ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽ മിന്നലാക്രമണം ആരംഭിച്ചത്. 500 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്.
Discussion about this post