ജെറുസലേം: ഹമാസിനെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രായേൽ. വ്യോമാക്രമണത്തിൽ ഹമാസിന്റെ രണ്ട് മന്ത്രിമാരെ വധിച്ചു. ഖാൻ യുനിസിലെ വ്യോമക്രമണത്തിൽ ഹമാസ് ധനമന്ത്രി ജവാദ് അബു ഷംല, ആഭ്യന്തരമന്ത്രി സഖരിയ അബു മൊഅമ്മർ എന്നീ മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ഹമാസ് ഭീകരരുടെ ആത്മവിശ്വാസം തകർക്കുന്ന വാർത്ത പുറത്ത് വന്നതിനോടൊപ്പം ഇസ്രായേൽ ഇരട്ടിശക്തിയോടെ പ്രഹരം തുടരുന്നുണ്ട്.
ധനമന്ത്രിയായ ജവാദ് അബു ഷമാലയാണ് ഭീകരസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതെന്നും ഗാസ മുനമ്പിലും പുറത്തും ഭീകരതയ്ക്ക് ധനസഹായം നൽകാനും നേതൃത്വം നൽകാനും ഫണ്ട് സ്വരൂപിച്ചതായും ഇസ്രായേൽ സൈന്യം പറയുന്നു.
കൊല്ലപ്പെട്ട സഖരിയ അബു മൊഅമ്മർ തീവ്രവാദ ഗ്രൂപ്പിന്റെ ആഭ്യന്തരമന്ത്രിയായിരുന്നു. ഇയാളാണ് ഹമാസിന്റെ പ്രധാന തീരുമാനങ്ങൾക്ക് നിർദ്ദേശം നൽകുന്നതും ഗാസ മുനമ്പിലെ കോർഡിനേറ്ററുമെന്ന് സൈന്യം വ്യക്തമാക്കി. ഹമാസിന്റെ ഗാസ തലവൻ യഹ്യ സിൻവാറിന്റെ വിശ്വസ്തനായിരുന്നു ഇയാൾ, ഇസ്രായേൽ രാഷ്ട്രത്തിനെതിരായ നിരവധി ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സംഘടനയുടെ തീരുമാനങ്ങൾ എടുക്കുന്നതിലും ഉൾപ്പെട്ടിരുന്ന ഭീകര സംഘത്തിന്റെ സീനിയർ ഫോറത്തിന്റെ ഭാഗമായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കുന്നു.
അതേസമയം തുടർച്ചയായ നാലാം ദിനവും ഗാസയ്ക്ക് മേൽ തീമഴ പെയ്യിക്കുകയാണ് ഇസ്രായേൽ. പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. 8000ലേറെ പേർക്കാണ് പരിക്കേറ്റത്. ഭീകരർ തമ്പടിച്ചിരിക്കുന്ന ഗാസയ്ക്ക് മേൽ സമ്പൂർണ ഉപരോധമേർപ്പെടുത്താനാണ് ഇസ്രായേലിന്റെ അടുത്ത നീക്കം.
ഇതിനിടെ ഇസ്രയേലി പട്ടണമായ അഷ്‌കെലോണിലെ അധിനിവേശക്കാർക്ക് പ്രദേശം വിട്ടുപോകാനുള്ള സമയപരിധി നിശ്ചിച്ച് ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സം ബ്രിഗേഡ് രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post