ന്യൂയോർക്ക്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായും, നിരവധി പേരെ ഭീകരർ ബന്ദികളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിൽ ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ജോ ബൈഡൻ പറഞ്ഞു. കൂട്ടക്കൊലയുടെയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെയും നടുക്കുന്ന റിപ്പോർട്ടുകൾ വലിയ വേദനയുണ്ടാക്കുന്നു. ഇത് പൈശാചികമാണ്. ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ബന്ദികളെ കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ ഭീഷണി. മനുഷ്യത്വത്തിന്റെ എല്ലാ തലങ്ങളും ഹമാസ് ലംഘിക്കുന്നു. രക്തദാഹികളാണ് ഹമാസ്. ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ ക്രൂരന്മാരാണ് ഹമാസ്. ഇത് തീവ്രവാദമാണ്. ജൂതർ തീവ്രവാദത്തിന് ഇരകളാകുന്നത് ആദ്യമായിട്ടല്ല. ജൂതന്മാരുടെ കൂട്ടക്കൊലയെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഓർമ്മിപ്പിക്കുന്നത് എന്നും ബൈഡൻ പറഞ്ഞു.
അതേസമയം സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്ത ദിവസം ഇസ്രായേൽ സന്ദർശിക്കും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും നയതന്ത്ര, സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനാണ് അമേരിക്കയുടെ തീരുമാനം. ഇന്നലെ ഇസ്രായേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമേരിക്കയും പിന്തുണച്ച് രംഗത്ത് എത്തിയത്.












