ചെന്നെെ :ഡി എം കെ അഴിമതിക്കാരുടെ താവളമാണെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ.വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുകയാണെന്നും അവരോട് പാർട്ടി മാപ്പ് പറയണമെന്നും അണ്ണാമലൈ പറഞ്ഞു.പതിനൊന്ന് ഡിഎംകെ മന്ത്രിമാർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണുള്ളത്. പാർട്ടിയിലെ പല ഉന്നത നേതാക്കൾക്കും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ട്. അവർക്കെതിരെ കോടതിയിലെ കേസുകളും നിലവിലുണ്ടെന്ന് അണ്ണാമലൈ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും മുൻകേന്ദ്രമന്ത്രിയുമായ എംപി എ രാജയുടെ പതിനഞ്ചിടങ്ങളിലെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 2011-ലെ ടൈം മാഗസിനിൽ അധികാരം ദുരുപയോഗം ചെയ്ത പ്രമുഖ നേതാക്കളുടെ പട്ടികയിൽ എ രാജ ഉണ്ടായിരുന്നു. ഡി എം കെയുടെ നേതാക്കൾ അഴിമതികൾ നടത്തിയിട്ടും പാർട്ടി ഇതിനെതിരെ നടപടികൾ ഒന്നും എടുക്കാതെ അവരെ അനുകൂലിക്കുകയാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോൾ എ രാജ പാരിസ്ഥിതിക അനുമതി നൽകിയതിന് പകരമായി കൈക്കൂലി കൈപ്പറ്റിയിരുന്നെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം ഉപയോഗിച്ച് രാജ വാങ്ങിയ 55 കോടി രൂപ വിലമതിപ്പുള്ള കോയമ്പത്തൂരിലെ 45 ഏക്കർ ഭൂമി ഇഡി കണ്ടുകെട്ടി. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അണ്ണാമലൈ പറഞ്ഞു.
Discussion about this post