ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ കൊയ്ത്ത് നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ജാവലിൻ താരം നീരജ് ചോപ്ര. ഈ നേട്ടത്തിന്റെ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് നൽകേണ്ടത് എന്ന് നീരജ് ചോപ്ര പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം എല്ലാ മേഖലകളിലും അസാദ്ധ്യമായ പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ് പൂർത്തിയായതിന് പിന്നാലെ മാദ്ധ്യമത്തോട് ആയിരുന്നു നീരജ് ചോപ്രയുടെ പ്രതികരണം.
ഇന്ത്യ വിവിധ മേഖലകളിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഉയരങ്ങൾ കീഴടക്കാൻ തങ്ങൾക്ക് ഏറ്റവും ഉചിതമായ സമയം കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇതിനായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പല അപൂർവ്വ നേട്ടങ്ങളും രാജ്യം സ്വന്തമാക്കി. രാജ്യത്തിന്റെ കായിക സംസ്‌കാരം തന്നെ മാറി. കായിക താരങ്ങളെ പ്രധാനമന്ത്രി നേരിട്ട് കാണുന്നു. അവരുമായി സംസാരിക്കുന്നു അവർക്ക് പ്രചോദനം നൽകുന്നു. അവരുടെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി കേൾക്കുകയും ചെയ്യുന്നുവെന്നും നീരജ് ചോപ്ര കൂട്ടിച്ചേർത്തു.
ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം. ഇതിന് പിന്നാലെ ഇന്നലെ പ്രധാനമന്ത്രി ഗെയിംസിൽ പങ്കെടുത്ത കായിക താരങ്ങളെ കാണുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്തിരുന്നു.








