ജെറുസലേം: ഇസ്രായേലി പൗരൻമാരെ കൂട്ടക്കുരുതി ചെയ്ത ഹമാസ് ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകാൻ സർക്കാരിനൊപ്പം കൈകോർത്ത് ഇസ്രായേലിലെ പ്രതിപക്ഷവും. രാജ്യസുരക്ഷ ഭീഷണിയിലാകുന്ന യുദ്ധസാഹചര്യങ്ങളിൽ പ്രതിപക്ഷത്തെ പങ്കാളിയാക്കിയുളള ഐക്യസർക്കാർ രൂപീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പ്രതിരോധമന്ത്രി യോവ് ഗല്ലാന്റും മന്ത്രിസഭയിൽ അംഗമാകും. രണ്ട് ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷക അംഗങ്ങളുമാണ്. മുൻ പ്രതിരോധ മന്ത്രിയും സൈനിക ചീഫ് ഓഫ് സ്റ്റാഫുമാണ് പ്രതിപക്ഷ നേതാവായ ബെന്നി ഗാന്റ്‌സ്. ഹമാസ് ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രായേൽ സർക്കാരിന് പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതിർത്തി കടന്നെത്തി ഇസ്രായേലി പൗരൻമാർക്ക് നേരെ കടന്നാക്രമണം നടത്തിയ ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിച്ചതിന് പിന്നാലെയാണ് അടിയന്തര സാഹചര്യങ്ങളിൽ മാത്രം സാദ്ധ്യമാകുന്ന സംയുക്ത സർക്കാർ രൂപീകരണത്തിലേക്കും ബെഞ്ചമിൻ നെതന്യാഹു കടന്നത്. ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുൾപ്പെടെ ഭീകരവാദികൾ ഒളിയാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇസ്രായേൽ പ്രത്യാക്രമണവും പ്രതിരോധവും ശക്തമാക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യുദ്ധകാര്യങ്ങളിൽ തീരുമാനമെടുക്കാനായി പ്രത്യേക മന്ത്രിസഭ രൂപീകരിച്ചതും.
ഗാസയിലും ഹമാസ് കേന്ദ്രങ്ങളിലും കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വ്യോമാക്രമണം 200 ഓളം കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുളളതാണെന്നാണ് ഗാസ ആരോപിക്കുന്നത്.
Discussion about this post