ലക്‌നൗ: കുടിശ്ശിക അടയ്ക്കാതെ മുങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസിന് കോടതിയുടെ വിമർശനം. യുപിഎസ്ആർടിസിയ്ക്ക് (ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) നൽകാനുള്ള 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീർക്കണമെന്ന് കോൺഗ്രസിനോട് അലഹബാദ് കോടതി നിർദേശിച്ചു.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി 1981 മുതൽ 1989 വരെയുള്ള കാലത്ത് യുപിഎസ്ആർടിസിയുടെ ബസുകളും ടാക്സികളും ഉപയോഗിച്ച ഇനത്തിലാണ് ഈ കുടിശ്ശിക തീർക്കാൻ കോടതി ആവശ്യപ്പെട്ടത്. ഈ സമയത്ത് കോൺഗ്രസ് ആയിരുന്നു യുപിയിൽ ഭരണത്തിലിരുന്നത്.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും (യുപിസിസി) യുപിഎസ്ആർടിസിയും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച 25 വർഷം പഴക്കമുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. യുപിസിസി അതിന്റെ അധികാരം പ്രയോഗിക്കുകയും പൊതു സ്വത്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുകയും ചെയ്തുവെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരിയും മനീഷ് കുമാരും നിരീക്ഷിച്ചു.
കുടിശ്ശികയായ 2.68 കോടി രൂപയും അഞ്ച് ശതമാനം പലിശയും യുപിഎസ്ആർടിസിക്ക് കോൺഗ്രസ് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
1980ലെ രാഷ്ട്രപതി ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ യുപിയിൽ വിശ്വനാഥ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് അധികാരത്തിലെത്തിയത്.
Discussion about this post