തിരുവനന്തപുരം :ഡി വൈ എഫ് ഐ നേതാവും നിയുക്ത പി എസ് സി അംഗവുമായ ഡോ. പ്രിൻസി കുര്യാക്കോസിന്റെ പി എച് ഡി പ്രബന്ധത്തിൽ ഗുരുതര പിഴവുകൾ. ‘ആദി ശങ്കരാചാര്യരുടെയും ചട്ടമ്പി സ്വാമിയുടെയും വേദ ആശയങ്ങളുടെ താരതമ്യ പഠനം’ എന്ന വിഷയത്തിലായിരുന്നു പ്രിൻസിയുടെ ഗവേഷണ പ്രബന്ധം. ശങ്കരാചാര്യർ ജീവിച്ചിരുന്നത് പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ആണെന്നും തൊട്ടുകൂടായ്മയും തീണ്ടിക്കൂടാഴ്‌മയും പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യേ ആണ് തുടങ്ങിയതെന്നുമാണ് പ്രിൻസി കുര്യാക്കോസ് തന്റെ ഗവേഷണ പ്രബന്ധത്തിൽ ചേർത്തിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലും വ്യാകരണങ്ങളിലും അടിമുടി തെറ്റുകൾ ഉണ്ടെന്നുമാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ആരോപിക്കുന്നത്.

പ്രിൻസിയെ പി എസ് സി അംഗമായി നിയമിക്കാനുള്ള സർക്കാർ ശുപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. 2018 ലാണ് ആദി ശങ്കരാചാര്യരുടെയും ചട്ടമ്പി സ്വാമിയുടെയും വേദ ആശയങ്ങളുടെ താരതമ്യ പഠനം എന്ന വിഷയത്തിൽ പ്രിൻസി കുര്യാക്കോസ് ഗവേഷണ ബിരുദം നേടിയത്. കാലടി സർവകലാശാല മുൻ വി.സി. ഡോ. ധർമ്മരാജ് അടാട്ടിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
നിലവിൽ പ്രിൻസി കുര്യാക്കോസ് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. പി എസ് സി നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങൾ ആക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ആരോപിച്ചു.









Discussion about this post