ടെൽ അവീവ് : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഇരുവശങ്ങളിലുമായി 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇത് ഇസ്രായേലിലുള്ളവരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇസ്രയേൽ വംശജരെ ബാധിച്ചിരിക്കുകയാണ്. സ്വന്തം രാജ്യത്തേക്ക് കടന്നുകയറിയ ഭീകരർ കുടുംബാംഗങ്ങളെ കൊന്നൊടുക്കിയ വാർത്തയറിഞ്ഞ് പൊട്ടിക്കരയുകയാണ് ഇന്ത്യയിൽ താമസിക്കുന്ന ഇസ്രായേൽ വംശജർ. ഏറെ കാലമായി ഇന്ത്യയിൽ ജീവിക്കുന്നവരും വിനോദയാത്രയ്ക്ക് എത്തിയവരും ഇപ്പോൾ സ്വന്തം രാജ്യത്തേക്ക്, ഉറ്റവരുടെ അടുത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ താമസിക്കുന്ന ഇസ്രായേലി വനിതയായ കെനേരിയത്ത്, ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പറയുന്നു. ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സഹോദരനുമായി താൻ സംസാരിച്ചതായി അവർ പറഞ്ഞു.
‘എന്റെ അമ്മായി തെക്കൻ ഇസ്രായേലിലാണ് താമസിക്കുന്നത്. ഹമാസിന്റെ ബോംബ് ആക്രമണത്തിൽ അവരുടെ വീട് നിലംപൊത്തി. എന്റെ ബന്ധുവിന് വെടിയേറ്റു. ഞാൻ എന്റെ സഹോദരനുമായി സംസാരിക്കാറുണ്ട്. ഇസ്രായേലിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിലും ഇന്ത്യയിൽ തനിക്ക് സുരക്ഷിതത്വം തോന്നുന്നുവെന്നും അവർ പറഞ്ഞു. ‘ഇസ്രായേലിലെ എന്റെ കുടുംബത്തെയോർത്ത് എനിക്ക് ഭയമാണ്. പക്ഷേ ഇവിടെ സുരക്ഷിതമാണ്. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ എനിക്ക് ഇതുവരെ ഭയം തോന്നിയിട്ടില്ല,’ അവർ പറഞ്ഞു.
ഹമാസ് ഭീകരരുമായി സൈന്യം യുദ്ധത്തിലേർപ്പെടുമ്പോൾ അവർക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് കുളുവിലെത്തിയ ഇസ്രയേലി വിനോദസഞ്ചാരി ഷീറ പറഞ്ഞു. ‘ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഭയാനകവും അതിക്രൂരവുമാണ്. ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യ നൽകിയ പിന്തുണയ്ക്ക് എന്നും നന്ദിയുള്ളവളാണ്. ഇസ്രായേലിലെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം അതിന്റെ സംരക്ഷണമാണ് ‘ അവർ പറഞ്ഞു. സംഘർഷം ബാധിച്ചവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതുപോലുള്ള സഹായത്തിന്റെ പ്രാധാന്യവും അവർ എടുത്തുകാണിച്ചു.
രാജസ്ഥാനിലെ പുഷ്‌കറിലെത്തിയ ഇസ്രയേലി വിനോദസഞ്ചാരിയായ അമത് തന്റെ രാജ്യത്തേക്ക് മടങ്ങാനും പ്രതിരോധ സേനയ്ക്കൊപ്പം യുദ്ധക്കളത്തിലെത്താനും ആഗ്രഹം പ്രകടിപ്പിച്ചു.
”സ്ത്രീകൾക്കും കുട്ടികൾക്കും സൈനികർക്കും നേരെയുള്ള പ്രകോപനമില്ലാതെ ഹമാസിന്റെ ആക്രമണങ്ങൾ തടയാൻ ഞാൻ യുദ്ധത്തിനെത്താൻ ആഗ്രഹിക്കുന്നു,” ഒക്ടോബർ 15 ന് താൻ ഇസ്രായേലിലേക്ക് മടങ്ങുമെന്നും അമത് പറഞ്ഞു.
തെക്കൻ ഇസ്രായേലിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത 260 ഓളം പേരെ കൊന്നൊടുക്കിയ ഹമാസ് ഭീകരർക്കെതിരെ മറ്റൊരു വിനോദസഞ്ചാരി ശക്തമായി അപലപിച്ചു. ‘ഇത് വളരെ സങ്കടകരമായ കാര്യമാണ്. അവർ സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികളെ കൊന്നു, പരിപാടിയിൽ പങ്കെടുത്ത നിരവധി പേരെ അവർ കൊലപ്പെടുത്തി’ അവർ പറഞ്ഞു.
ഗോവയിലെ ഇസ്രായേലി വിനോദസഞ്ചാരികളിൽ ഭയം പിടിമുറുക്കുകയാണ്. സ്വന്തം നാട്ടിലുള്ള പ്രിയപ്പെട്ടവരെക്കുറിച്ച് അവർ ആശങ്കാകുലരാണ്. സ്ഥിതിഗതികൾ വേഗത്തിൽ മെച്ചപ്പെടുകയും സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. ‘ഇസ്രായേൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ അവസ്ഥയാണിത്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ. ഇതൊരു വലിയ യുദ്ധമാണ്,’ വിനോദസഞ്ചാരികളിലൊരാൾ പറഞ്ഞു.
Discussion about this post