എറണാകുളം: മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിനെ എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടു. പ്രതിഷേധ പ്രകടനത്തിനിടെ ആയിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പാളിനെ മുറിയിൽ പൂട്ടിയിട്ടത്. മറ്റ് അദ്ധ്യാപകർ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
വൈകീട്ട് നാല് മണിയ്ക്കായിരുന്നു പ്രതിഷേധം ആരംഭിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടെ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് എസ്എഫ്‌ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ പ്രിൻസിപ്പാളിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ മാദ്ധ്യമ പ്രവർത്തകരെ മുറിയിലേക്ക് കയറ്റിവിടാതെ എസ്എഫ്‌ഐക്കാർ തടഞ്ഞു. രാത്രി വൈകിയും പ്രിൻസിപ്പാളിനെ പുറത്തുവിടാതെ ആയതോടെ അദ്ധ്യാപകർ അനുനയ ശ്രമവുമായി രംഗത്ത് എത്തുകയായിരുന്നു. അതേസമയം പ്രിൻസിപ്പാൾ ഇതുവരെ പോലീസ് സഹായം തേടിയിട്ടില്ല.
Discussion about this post