അഹമ്മദാബാദ്: ഗുജറാത്തിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഉമറേതിലെ ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി.
ശ്രീ സിദ്ദനാഥ് മഹാദേവ് ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം.
നിലവിൽ ക്ഷേത്രത്തിൽ നവാരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒൻപത് ദിവസമാണ് ക്ഷേത്രത്തിൽ നവരാത്രി ഉത്സവം നടക്കാറുള്ളത്. ഇത് അലങ്കോലപ്പെടുത്തുകയായിരുന്നു ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്നാണ് വിശ്വാസികൾ രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ അജ്ഞാത സംഘം ക്ഷേത്രത്തിന് നേരെ കല്ലെറിയുകയായിരുന്നു. ക്ഷേത്രത്തിന് അകത്തേക്ക് കടന്ന് നന്ദിയുടെ വിഗ്രഹവും ശിവലിംഗവും അടിച്ച് തകർക്കാനും ഇവർ ശ്രമം നടത്തി. എന്നാൽ ഇതിന് കഴിഞ്ഞില്ല. അപ്പോഴേയ്ക്കും നേരം വെളുക്കാനായിരുന്നു.
ക്ഷേത്രം പൂജാരി ആയിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ക്ഷേത്രത്തിന് മുകളിലായി സ്ഥാപിച്ചിരുന്ന കാവി കൊടി കാണാതെ ആയിട്ടുണ്ട്.








