ജെറുസലേം: ലോകത്തിന് മുന്നിൽ മുഖംമൂടി അഴിഞ്ഞ് വീണതോടെ പുതിയ നാടകങ്ങളുമായി ഹമാസ് ഭീകരർ. ബന്ദിയാക്കിയ സ്ത്രീയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഹമാസ്. വിദേശമാദ്ധ്യമമായ അൽജസീറയാണ് വീഡിയോ പുറത്തുവിട്ടത്. തുറസായ സ്ഥലത്ത് സ്ത്രീയേയും കുട്ടികളേയും എത്തിച്ച് ഹമാസ് ഭീകരരെന്ന് കരുതുന്നവർ മടങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
ദൃശ്യങ്ങളിൽ ഉള്ള സ്ത്രീ ഇസ്രായേലി കുടിയേറ്റക്കാരിയാണെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖാസിം ബ്രിഗേഡ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ‘ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ഇസ്രായേലി സ്ത്രീയേയും രണ്ട് കുട്ടികളേയും വിട്ടയച്ചു’, എന്നാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞതെന്നാണ് വിവരം.
അന്താരാഷ്ട്ര സമൂഹത്തിനിടയിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഹമാസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ വീഡിയോ എന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. പിഞ്ചുകുട്ടികളെ ഹമാസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയതും സ്ത്രീകളെ ബലാത്സംഗം ചെയ്തതും വലിയ വിമർശങ്ങൾക്ക് കാരണമായിരുന്നു. യുദ്ധത്തിൽ ഇസ്രായേൽ വിരുദ്ധ ശക്തികളെ തങ്ങളോട് അടുപ്പിക്കാനാണ് ഇപ്പോളത്തെ ഈ അഭിനയം.












