ഗുരുഗ്രാം : ഡേറ്റിങ്ങിൽ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി മദ്യപിച്ച യുവാവിനെ ബോധംകെടുത്തി പണവും സ്വർണവും കവർന്നു. ഗുരുഗ്രാം സ്വദേശി രോഹിത് ഗുപ്തയെയാണ് മയക്കി കിടത്തി പണം കവർന്നത്. യുവാവിന്റെ സ്വർണ മാലയും ഐ ഫോണും മോഷ്ടിച്ച യുവതി, യുവാവിന്റെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയിലൂടെ 1.78 ലക്ഷം രൂപയും തട്ടി എടുത്തു.
ഒക്ടോബർ ഒന്നാം തീയതിയാണ് സംഭവം നടന്നത്. ബംബിൾ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവാവ് സാക്ഷി എന്ന യുവതിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദത്തിലായി. ഡൽഹി സ്വദേശിയായ യുവതി ഇപ്പോൾ ഗുരുഗ്രാമിൽ ബന്ധുവിനൊപ്പമാണ് താമസമെന്നും യുവാവിനോട് പറഞ്ഞു. ഒക്ടോബർ ഒന്നാം തീയതി യുവതി ഫോൺ വിളിച്ചു കാണാമെന്നറിയിച്ചു. രാത്രി പത്തുമണിയാകുമ്പോൾ വീടിന് സമീപം വാഹനവുമായി വരാൻ യുവാവിനോട് ആവശ്യപ്പെട്ടു. കാറുമായി വന്ന യുവാവ് യുവതിയെ കൂട്ടി, സമീപമുള്ള മദ്യവില്പന ശാലയിൽ നിന്നും മദ്യവും വാങ്ങി യുവാവിന്റെ വീട്ടിലെത്തി. ഇരുവരും മദ്യപിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ യുവതി യുവാവിനോട് കുറച്ചു ഐസ് എടുത്തുകൊണ്ടുവരാനായി ആവശ്യപ്പെട്ടു. അതെടുക്കാനായി യുവാവ് അടുക്കളയിലേക്ക് പോയ സമയം യുവാവിന്റെ മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയതായാണ് സംശയിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന യുവാവിന് ഒരു ദിവസത്തിന് ശേഷമാണു ബോധം വന്നതെന്നും അതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് സ്വർണമാലയും പണവും മൊബൈൽ ഫോണും നഷ്‌ടമായ വിവരം അറിഞ്ഞതെന്നുമാണ് യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
യുവാവിന്റെ പരാതിയിൽ യുവതിയ്‌ക്കെതിരെ കേസ് എടുത്തു. പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും അവർ ഉടനെതന്നെ പോലീസ് പിടിയിലാവുമെന്നും സെക്ടര്‍ 29 പോലീസ് അറിയിച്ചു.
Discussion about this post