ഭോപ്പാൽ: മദ്ധ്യപ്രദേശിൽ എംഎൽഎ ബിജെപിയിൽ ചേർന്നു. സ്വതന്ത്ര എംഎൽഎ പ്രദീപ് ജയ്‌സ്വാൾ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സ്വതന്ത്ര എംഎൽഎയുടെ ബിജെപി പ്രവേശനം.
ഇന്നലെ രാത്രിയാണ് പ്രദീപ് ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി.ഡി ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശിവരാജ് സിംഗ് ചൗഹാൻ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ബലാഘട്ട് ജില്ലയിലെ വരാസിയോണി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പ്രദീപ് ജയ്‌സ്വാൾ. കോൺഗ്രസ് അംഗമായിരുന്ന അദ്ദേഹം പാർട്ടിവിട്ട് 2018 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. എന്നാൽ കമൽനാഥ് സർക്കാരിനെ പിന്തുണച്ചു. കമൽനാഥിന്റെ മന്ത്രിസഭയിൽ പ്രദീപ് മന്ത്രിയായിരുന്നു. അദ്ദേഹത്തിന് പുറമേ വാരാസിയോണി മുനിസിപ്പൽ പ്രസിഡന്റ് സരിത ദാഗ്രേ, മുൻപ് കൗൺസിൽ പ്രസിഡന്റ് സ്മിത ജയ്‌സ്വാൾ എന്നിവരും ബിജെപിയിൽ ചേർന്നു.
Discussion about this post