ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ആരോഗ്യപ്രശ്ങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി സമർപ്പിച്ചത്.
ഇപ്പോഴത്തെ അവസ്ഥയിൽ തുടർച്ചയായി ഫിസിയോതെറാപ്പി ആവശ്യമാണെന്നാണ് ബാലാജി ഹർജിയിൽ പറയുന്നത്. വിട്ടുമാറാത്ത സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തിന് ജയിലിൽ തുടരാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകർ വാദിച്ചു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്ങ്ങൾ ഒന്നും അദ്ദേഹത്തിന് ഇല്ലെന്നും ജയിലിൽ ആവശ്യമായ വൈദ്യസഹായം എപ്പോൾ വേണമെങ്കിലും ലഭ്യമാണെന്നും ഇ ഡി കോടതിയെ അറിയിച്ചു .പ്രതിയ്‌ക്ക് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജൂൺ 14 ലിനാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സയ്ക്കായി മദ്രാസ് ഹൈക്കോടതി അനുമതിയോടെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സിക്കുന്ന ഡോക്ടർ ബൈപാസ് സർജറി നിർദേശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതി റിമാൻഡിൽ ആയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു തിരികെ ജയിലിലേക്ക് മാറ്റിയിരുന്നു.
Discussion about this post