ന്യൂഡൽഹി: ട്രെയിൻ യാത്രയിലും ഇഷ്ടഭക്ഷണം കഴിക്കാൻ ഇനി മുതൽ അവസരം. ഇനി ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ഇ-കാറ്ററിംഗ് പോർട്ടൽ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണവുമായി സൊമാറ്റോയുടെ പ്രതിനിധി യാത്രക്കാരന്റെ അടുത്തെത്തും.ഇന്ത്യൻ റെയിൽവെ & കാറ്ററിങ് ടൂറിസം കോർപ്പറേഷനും (IRCTC), രാജ്യത്തെ മുൻനിര ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയും കൈകോർത്താണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന യാത്രക്കാർക്ക് സഞ്ചാരത്തിനിടെ ഇഷ്ടഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ലഭ്യമാവുക.
നിലവിൽ ന്യൂഡൽഹി, പ്രയാഗ്രാജ്, കാൺപൂർ, ലഖ്‌നൗ, വാരാണാസി എന്നീ അഞ്ച് പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ആരംഭിച്ചു. വൈകാതെ ഈ സൗകര്യം മറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
ഈ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് പ്രീ ഓർഡർ നൽകാൻ സാധിക്കും. ഐആർസിടിസിയുടെ ഇ-കാറ്ററിങ് പോർട്ടലിലൂടെ ലഭിക്കുന്ന പ്രീ ഓർഡറുകൾ സൊമാറ്റോ കൈകാര്യം ചെയ്യും. സപ്ലൈ, ഡെലിവറി എന്നിവയാണ് സൊമാറ്റോ ചെയ്യുക.
ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെ സൊമാറ്റോ ഓഹരിവിലയിൽ കുതിപ്പുണ്ടായി. 52 ആഴ്ച്ചകളിലെ ഉയർന്ന വിലയായ 115 രൂപയിലേക്കാണ് ഇന്നലെ ഓഹരിവില ഉയർന്നത്.











