ഇന്ന് കാലത്ത് ചെറുപ്പക്കാർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അകാല നര. ജീവിത ശൈലി, ഭക്ഷണ ശീലം തുടങ്ങിയവയാണ് പ്രായമാകുന്നതിന് മുൻപുതന്നെ മുടി നരയ്ക്കുന്നതിന് കാരണം ആകുന്നത്. ചിലർക്ക് പാരമ്പര്യമായും മുടി നരയ്ക്കാം. മുടി നരയ്ക്കുന്നത് നമ്മുടെ സൗന്ദര്യത്തെ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഹെയർ കളറുകളെ ആശ്രയിക്കുന്നത്. എന്നാൽ പലപ്പോഴും ഇവ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടി കൊഴിച്ചിൽ, വരണ്ട മുടി, എന്നിവയാകും ഇതിന്റെ ഫലം. ഇതൊഴിവാക്കാൻ വീട്ടിൽ തന്നെ പരിഹാരം ഉണ്ട്.
തേയില വെള്ളം
അകാല നരയുള്ളവർ തേയില വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് വളരെ നല്ലതാണ്. ഇത് മുടിയുടെ സ്വാഭാവിക നിറം നൽകും. ഗ്രീൻ ടീ പതിവായി കുടിയ്ക്കുന്നതും അകാല നരയെ പ്രതിരോധിക്കും.
മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തേയില വെള്ളത്തിൽ കലർത്തി അതിലേക്ക് അൽപ്പം മുട്ടയുടെ വെള്ളയും ചേർക്കുക. ഈ മിശ്രിതത്തിൽ അൽപ്പം നാരങ്ങാ നീരും ചേർക്കാം. ഇത് തലയിൽ തേച്ച് രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാം. ഇതും മുടിയ്ക്ക് നിറം ലഭിക്കാൻ ഉത്തമമാണ്.
നെല്ലിക്ക
ഉണക്ക നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ നിത്യേന തലയിൽ തേച്ച് കുളിക്കുന്നത് അകാല നരയ്ക്ക് പരിഹാരമാണ്. പച്ചനെല്ലിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേയ്ക്കുന്നതും നരപരിഹരിക്കാൻ ഉചിതമാണ്. നെല്ലിക്കാ നീരിനൊപ്പം ബദാം ഓയിൽ നാരങ്ങാ നീര് എന്നിവ ഉപയോഗിച്ച് തലയിൽ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
കറിവേപ്പില
അകാല നര അകറ്റാൻ പണ്ട് മുതലേ ഉപയോഗിച്ചിരുന്ന ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ തലയിൽ തേയ്ക്കുന്നത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നതിനും കൂടുതൽ കട്ടി ലഭിക്കുന്നതിനും സഹായകമാകും.
തല കഴുകുമ്പോൾ വീര്യം കുറഞ്ഞ ഷാംപുവോ ബേബി ഷാംപുവോ ഉപയോഗിക്കുക. വീര്യം കൂടിയ ഷാംപൂകൾ വേഗം മുടി നരയ്ക്കാൻ കാരണം ആകും. ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേയ്ക്കുന്നതും അകാല നരയ്ക്ക് നല്ലതാണ്.
Discussion about this post