കോട്ടയം : സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ സമരപ്പന്തലിന് സമീപം നട്ട വാഴയുടെ വിളവെടുപ്പും ലേലവും നടന്നു. മാടപ്പള്ളി സിൽവർലൈൻ വിരുദ്ധ സത്യാഗ്രഹ സമരപ്പപന്തലിന് സമീപമാണ് ലേലം നടന്നത്. സമരഭൂമിയിൽ കുലച്ച വാഴക്കുല 49,100 രൂപയ്ക്കാണ് വിറ്റത്.
സമര സമിതി അംഗമായ സുമതിക്കുട്ടിയമ്മയാണ് വാഴക്കുല ലേലത്തിൽ പിടിച്ചത്. വേദനയും പ്രതിഷേധവും അറിയിക്കാനാണ് ലേലത്തിൽ പങ്കാളിയായതെന്ന് സുമതിക്കുട്ടിയമ്മ പറഞ്ഞു. മാടപ്പള്ളി വെങ്കോട്ടയിലെ സമരപ്പന്തലിനു സമീപം വിളഞ്ഞ വാഴക്കുലയാണ് ലേലം ചെയ്തത്.
ചെങ്ങന്നൂരിലെ കൊഴുവന്നൂരിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി അംഗമായ തങ്കമ്മയ്ക്ക് വീട് നൽകുന്നതിനു വേണ്ടിയാണ് വാഴക്കുല ലേലം നടത്തിയത്. തുകയുടെ പകുതി തങ്കമ്മയുടെ ഭവന നിർമാണത്തിനും ബാക്കി തുക കോട്ടയം ജില്ലയിലെ സിൽവർലൈൻ സമരക്കാരുടെ കേസിന്റെ ആവശ്യത്തിനും ചെലവഴിക്കും.
Discussion about this post