ആര്യനാട്: വീട്ടിൽ കിടക്കുന്ന തുണികൾക്കും പേപ്പറുകൾക്കും തനിയെ തീ പിടിക്കുന്നുവെന്ന പരാതിയുമായി കുടുംബം. തിരുവനന്തപുരം ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് അസ്വാഭാവികമായ സംഭവങ്ങൾ നടക്കുന്നത്.
സത്യനും ഭാര്യ സലീനയും മകനും കൊച്ചുമക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ 15ന് രാത്രി അലമാരയിലും സമീപത്തെ ഡ്രസ് സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക വരികയും പിന്നാലെ വസ്ത്രങ്ങൾ കത്തുകയുമായിരുന്നു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം.
അടുത്ത ദിവസവും ഇത് ആവർത്തിച്ചു. ഇതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ പ്രശ്‌നമില്ലെന്ന് സത്യൻ പറയുന്നു. ഒൻപത് മണിയോട് അടുപ്പിച്ചാണ് പതിവായി തീപിടുത്തം ആവർത്തിക്കപ്പെടുന്നത്. വൈദ്യുതി ലൈനിലെ ഷോർട്ട് സർക്യൂട്ട് ആണെന്ന സംശയത്തിൽ ഇലക്ട്രീഷ്യനെ കൊണ്ടുവന്നും പരിശോധിപ്പിച്ചതായും സത്യൻ പറഞ്ഞു.
നിഗൂഢത ആവർത്തിക്കപ്പെട്ടതോടെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. മെമ്പർ വന്നപ്പോഴും വീട്ടിൽ തുണി കത്തി. വീട്ടുകാരോട് തീപ്പെട്ടിയും ലൈറ്ററും ഒക്കെ എടുത്ത് മാറ്റിവെയ്ക്കാനും ഇതിന് ശേഷം നിരീക്ഷിക്കാനും പഞ്ചായത്ത് അംഗം നിർദ്ദേശിച്ചു. അന്ന് പ്രശ്‌നം ഉണ്ടായില്ലെങ്കിലും പിറ്റേന്ന് വീണ്ടും തീപിടിച്ചു.
വിവരം അറിഞ്ഞ് പോലീസും പഞ്ചായത്ത് പ്രസിഡന്റും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ വന്ന ദിവസം തീപിടിച്ചില്ലെങ്കിലും പിറ്റേന്ന് വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ ദിവസം വീട്ടിൽ പ്രാർത്ഥന നടക്കുന്നതിനിടയിലും തീ പടർന്നുപിടിച്ചു.
സംഭവത്തിൽ വീട്ടുകാർ ആര്യനാട് പോലീസ് സ്‌റ്റേഷനിലും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. ഭയന്നുപോയ വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.













Discussion about this post