ബംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മലേഷ്യൻ സ്വദേശിനി ഉൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടി. 67 ലക്ഷം രൂപയുടെ സ്വർണമാണ് മൂന്ന് പേരിൽ നിന്നായി പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് സ്ത്രീകൾക്കും ഒരു യുവാവിനുമെതിരെ കേസെടുത്തിട്ടുണ്ട്.
ക്വാലാലംപൂരിൽ നിന്ന് എയർ ഏഷ്യവിമാനത്തിൽ ബംഗളൂരുവിലെത്തിയ രണ്ട് സ്ത്രീകളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സംശയത്തെത്തുടർന്ന് കസ്റ്റഡിലിയിലെടുത്ത ശേഷം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് മലേഷ്യൻ യുവതി മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. 579 ഗ്രാം സ്വർണമാണ് നാല് ക്യാപ്സ്യൂളുകളാക്കി യുവതി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. വിപണിയിൽ ഇതിന് 34.4 ലക്ഷം രൂപ വിലവരും.
ബ്ലൗസിനുളളിൽ സ്വർണം തേച്ചുപിടിപ്പിച്ച് കടത്താനാണ് സ്വദേശിയായ മറ്റൊരു യുവതി ശ്രമിച്ചത്. ദേഹപരിശോധനയ്ക്കിടെ ബ്ലൗസിന് അമിതമായ ഭാരം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ബ്ലൗസ് മുറിച്ച് പരിശോധിക്കുകയായിരുന്നു. ഇതോടെ അകത്ത് പേസ്റ്റ് രൂപത്തിലാക്കി തേച്ചുപിടിപ്പിച്ച 301 ഗ്രാം സ്വർണം കണ്ടെത്തി.
ഗൾഫ് എയർ വിമാനത്തിൽ കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരനാണ് ഡ്രൈ ഫ്രൂട്‌സിനിടയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അണ്ടിപ്പരിപ്പും ബദാമും കൊണ്ടുവരുന്ന പായ്ക്കറ്റിൽ സ്വർണവും ഉണ്ടായിരുന്നു. സ്വർണത്തിന്റെ 40 കഷണങ്ങളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. 15 ലക്ഷത്തോളം രൂപവിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. നികുതി വെട്ടിച്ച് കൊണ്ടുവന്ന ഐഫോൺ 14 പ്രോ മാക്സ് മൊബൈൽഫോണും ഇതേ യാത്രക്കാരനിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post