കൃഷ്ണതുളസി ഒരു പൂജാ പുഷ്പമായാണ് പൊതുവേ നമ്മൾ കണക്കാക്കുന്നത്. അതിനാൽ തന്നെ മിക്കപ്പോഴും ക്ഷേത്രങ്ങളിലും ചില വീടുകളിലും മാത്രമാണ് കൃഷ്ണതുളസി നട്ടുപിടിപ്പിക്കുന്നത് കാണാറുള്ളത്. എന്നാൽ കൃഷ്ണതുളസിക്ക് ധാരാളം ഔഷധഗുണങ്ങൾ കൂടിയുണ്ടെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. ഈ ഔഷധഗുണങ്ങൾ കാരണം പല ആയുർവേദ മരുന്നുകൾക്കും കൃഷ്ണതുളസി ആവശ്യമാണ്. എന്നാൽ കേരളത്തിൽ വാണിജ്യപരമായി ലഭ്യമല്ലാത്തതിനാൽ വലിയ വില കൊടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പല ഔഷധ നിർമ്മാതാക്കളും കൃഷ്ണതുളസി എത്തിക്കുന്നത്.
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള കൃഷ്ണതുളസി എത്തുന്നത്. ഇത് ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാല കെട്ടുന്നതിനും എല്ലാമായി വിൽക്കപ്പെടുന്നു. ഒരു കിലോ കൃഷ്ണതുളസിക്ക് 180 രൂപ വരെയാണ് വില. ക്ഷേത്രങ്ങളിൽ പോലും ആവശ്യത്തിന് കിട്ടാനില്ലാത്തതിനാൽ പലരും പൂജാ ആവശ്യത്തിനുള്ള കൃഷ്ണതുളസി കടകളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്.
ഔഷധ നിർമ്മാതാക്കൾക്ക് പലപ്പോഴും കൃഷ്ണതുളസി കിട്ടാൻ പോലും ഇല്ലാത്ത അവസ്ഥയാണ്. ചില ആയുർവേദ മരുന്ന് നിർമ്മാതാക്കൾ ഇപ്പോൾ ചെറിയ പ്രദേശങ്ങളിലായി കൃഷ്ണതുളസി കൃഷി ആരംഭിച്ചിട്ടുണ്ട്. ചുമ, മഞ്ഞപ്പിത്തം, ചിലന്തി വിഷം എന്നിവയ്ക്കെല്ലാം മികച്ച ഔഷധമായാണ് കൃഷ്ണതുളസി കണക്കാക്കപ്പെടുന്നത്. അധികം വെള്ളമോ പരിചരണമോ ഒന്നും ആവശ്യമില്ലാത്ത കൃഷ്ണതുളസിച്ചെടി കേരളത്തിന്റെ കാലാവസ്ഥയിൽ ധാരാളമായി വളരുകയും ചെയ്യുന്നതാണ്. വാണിജ്യപരമായി കൃഷി ചെയ്യപ്പെടുകയാണെങ്കിൽ കർഷകർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മികച്ച പ്രതിഫലം ലഭിക്കുന്ന ഒന്നായിരിക്കും കൃഷ്ണതുളസി കൃഷി.
Discussion about this post