ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രീകരിച്ച് വിസാ തട്ടിപ്പു നടത്തിയ സംഘം പിടിയില്‍. ഡല്‍ഹി സൈബര്‍ സെല്ലും ക്രൈംബ്രാഞ്ച് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വന്‍ സംഘം പിടിയിലായത്. ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് സംഘം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ആയിരത്തിലധികം പരാതി പോലീസിന് ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വന്‍ റാക്കറ്റ് അറസ്റ്റിലായത്. തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
ദുബായിലെ സ്വകാര്യ കമ്പനികളിലേക്ക് ജോലി വാങ്ങിത്തരാമെന്നു പറഞ്ഞായിരുന്നു വിസാ തട്ടിപ്പ്. ഒരാളില്‍ നിന്ന് അറുപതിനായിരത്തോളം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയതായാണ് വിവരം. ഒട്ടനേകം പേര്‍ തട്ടിപ്പിനിരയായി. വിദേശകാര്യമന്ത്രാലയത്തിന് തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് ഡല്‍ഹി പോലീസ് ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു.
ബിഹാറില്‍ നിന്നുള്ള ഇനാമുള്‍ ഹഖ് എന്നയാളാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. ഡല്‍ഹിയിലെ സാക്കിര്‍ നഗറിലാണ് ഇനാമുള്‍ ഹഖ് താമസിക്കുന്നത്. ഇയാള്‍ എഞ്ചിനിയര്‍ ബിരുദധാരിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇയാള്‍ തട്ടിപ്പ് നടത്തുന്നയായാണ് പോലീസിന് ലഭിച്ച വിവരം. സാക്കിര്‍ നഗറിലുള്ള ഹഖിന്റെ ഓഫീസില്‍ നിന്ന് സുപ്രധാന രേഖകളും പോലീസ് അന്വേഷണത്തില്‍ കണ്ടെടുത്തിട്ടുണ്ട്.
ദുബായിലേക്കുള്ള വ്യാജ വിസയാണ് പ്രധാനമായും ഇവര്‍ ഉണ്ടാക്കി നല്‍കിയിരുന്നത്. കബളിപ്പിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. കോടിക്കണക്കിന് രൂപ ഇവര്‍ ഇത്തരത്തില്‍ വ്യാജ വിസ നിര്‍മ്മിച്ച് നല്‍കിയതിലൂടെ തട്ടിയതായാണ് വിവരം. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിവിധയിടങ്ങളില്‍ സാധാരണ രീതിയില്‍ കമ്പനികള്‍ ആരംഭിച്ച് ചുരുക്കം ചില ജീവനക്കാരെ വെച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഒരു പ്രദേശത്ത് നിന്നും നൂറുകണക്കിനാളുകള്‍ ഇവരുടെ വലയില്‍ പെട്ടാല്‍ വേഗം ഓഫീസും പൂട്ടി രക്ഷപെടുകയാണ് ഇവരുടെ രീതി.പിന്നീട് മറ്റൊരു സ്ഥലത്ത് ഓഫീസ് ആരംഭിക്കും. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ അധികവും. തട്ടിപ്പ് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Discussion about this post