ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജെയ്റ്റ്ലി വിജയശ്രീലാളിതനായി മടങ്ങി വരുമെന്നാണ് മോദി വിശേഷിപ്പിച്ചത്.
അരുണ്‍ ജയ്റ്റ്ലി തെറ്റായി ഒന്നും ചെയ്തിട്ടില്ല. ക്ലീന്‍ ഇമേജുള്ള വ്യക്തിയാണ് അദ്ദേഹമെന്നും മോദി പറഞ്ഞു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ആരോപണ വിധേയനായ ഹവാലക്കേസ് പരാമര്‍ശിച്ചാണ് ജെയ്റ്റ്ലിക്ക് മോദി പിന്തുണ പ്രഖ്യാപിച്ചത്. അദ്വാനിയെപ്പോലെ ജെയ്റ്റ്ലിയും കുറ്റവിമുക്തനാക്കപ്പെടുമെന്ന് മോദി പറഞ്ഞു.
ആരോപണങ്ങളുന്നയിച്ച് ആം ആദ്മി പാര്‍ട്ടി അരുണ്‍ ജെയ്റ്റ്ലിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബി.ജെ.പിയും രാജ്യം മുഴുവനും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് മോദിയും പിന്തുണയുമായെത്തിയത്.
ബിജെപി എംപി കീര്‍ത്തി ആസാദും ആം ആദ്മി പാര്‍ട്ടിയുമാണ് ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ചത്.. അതേ സമയം ജെയ്റ്റ്ലിയ്ക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ക്ക് പുറമെ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.
ആരോപണങ്ങള്‍ തള്ളിയ ജെയ്റ്റ്ലി ആരോപണമുന്നയിച്ചവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ളവര്ക്ക് ഡല്‍ഹി പട്യാല കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post