ഇടുക്കി : കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. നെടുങ്കണ്ടം പച്ചടിയിലെ കൃഷി ഭൂമിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. ആൾതാമസം ഇല്ലാത്തയിടത്ത് ആയതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
നെടുങ്കണ്ടത്തെ ഉരുൾപൊട്ടലിനു ശേഷം വീണ്ടും മഴ തുടരുന്നതിനാൽ സമീപപ്രദേശങ്ങളിലെ കുടുംബങ്ങൾ ആശങ്കയിലാണ്. വീണ്ടും ഉരുൾപൊട്ടലിന് സാധ്യത കണക്കാക്കുന്നതിനാൽ സമീപത്തുള്ള 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കുരുമുളക് തോട്ടം ഉരുൾപൊട്ടലിനെ തുടർന്ന് പൂർണമായും ഒലിച്ചു പോയ അവസ്ഥയിലാണുള്ളത്.
ഇന്ന് രാവിലെയാണ് നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായ വിവരം നാട്ടുകാർ പോലും അറിയുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലും മണ്ണും ചെളിയുമെല്ലാം സമീപപ്രദേശങ്ങളിലെ ആൾതാമസമുള്ള സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതോടെയാണ് കൃഷിയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി എന്ന് നിഗമനത്തിൽ നാട്ടുകാർ എത്തിയത്. ശക്തമായ മഴ തുടരുന്നതിനാൽ ഈ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകാൻ സാധ്യതയുള്ളതായി കണക്കാക്കുന്നു.
Discussion about this post