ബീജിംഗ്: ഖാലിസ്ഥാൻ ഭീകരവാദ വിഷയത്തിൽ ഇന്ത്യ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. തെളിവുകളില്ലാതെ ദുരാരോപണം ഉന്നയിക്കുന്നത് കാനഡയുടെ പതിവ് രീതിയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നുണപ്രചാരണങ്ങൾ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കും മന്ത്രിസഭയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ ചൈനയുടെ പിന്തുണയോടെ വ്യാപകമായി ഓണലൈൻ വഴി നുണപ്രചാരണം നടക്കുന്നതായി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിക്കവെയാണ് ചൈന കാനഡക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നത്.
കനേഡിയൻ വിദേശകാര്യ മന്ത്രാലയം നുണപ്രചാരണങ്ങളുടെ കേന്ദ്രമാണ്. വസ്തുതകളെ വളച്ചൊടിച്ച് വ്യാജവാർത്തകളും ദുരാരോപണങ്ങളും ഉന്നയിച്ച് അന്താരാഷ്ട്ര തലത്തിൽ ആശയക്കുഴപ്പമുണ്ടാക്കി ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. അവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നതിനൊപ്പം ഇത്തരം നിലവാരമില്ലാത്ത നടപടികളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ചൈന വ്യക്തമാക്കി.
നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന കാനഡ ഒരിക്കൽ പോലും തെളിവുകൾ നൽകാൻ തയ്യാറാകുന്നില്ല. വിവിധ രാജ്യങ്ങൾക്ക് നേരെയുള്ള ഇത്തരം പ്രവൃത്തികളുടെ പേരിൽ കാനഡ അന്താരാഷ്ട്ര രംഗത്ത് അപമാനിതമാകുകയാണെന്നും ചൈന പരിഹസിച്ചു.
സത്യത്തെയും വസ്തുതകളെയും ബഹുമാനിക്കാൻ ചൈന കാനഡയോട് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സഹകരണത്തെ ദോഷകരമായി ബാധിക്കുന്ന നുണപ്രചാരണങ്ങളിൽ നിന്നും കാനഡ പിന്മാറണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
Discussion about this post