എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്. തന്റെ ലഗേജിൽ ബോംബുണ്ടെന്ന് ആയിരുന്നു യുവാവിന്റെ ഭീഷണി.
ഇന്നലെ രാത്രിയായിരുന്നു ഇയാൾ ദുബായിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയത്. ലഗേജ് പരിശോധിക്കുന്നതിനിടെ ഉള്ളിൽ ബോംബുണ്ടെന്ന് ഇയാൾ പറയുകയായിരുന്നു. അനുവദനീയമായതിലും കൂടുതൽ ഭാരം ആയിരുന്നു ലഗേജിന് ഉണ്ടായിരുന്നത്. ഇതിൽ നിന്നും സാധനങ്ങൾ മാറ്റാൻ ഇയാളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു രാകേഷ് ബോംബ് ഭീഷണി മുഴക്കിയത്.
അധികൃതർ ഉടനെ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചു. ഇതിൽ ബോംബൊന്നും കണ്ടെത്താതിരുന്നതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.
പരിശോധനയും മറ്റ് നടപടിക്രമങ്ങളും കഴിഞ്ഞ് ഒരു മണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയർപ്പോർട്ട് അധികൃതർ രാകേഷിനെ നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു.












