പ്രതിരോധ രംഗത്തെ ആത്മനിർഭരത , ഇന്ത്യ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. തദ്ദേശീയമായ പ്രതിരോധ ഉത്പന്നങ്ങളുടെ നിർമ്മാണം, ഇവയുടെ കയറ്റുമതി, ഇവ ഉപയോഗിച്ചുകൊണ്ടുള്ള ആയുധ നിർമ്മാണം, ഈ ആയുധങ്ങളുടെ കയറ്റുമതി എന്നിവയിലൂടെയാണ് രാജ്യം സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് വേഗം പകരുകയാണ്ത ദ്ദേശീയമായി നിർമ്മിച്ച ധ്രുവ് ഹെലികോപ്റ്ററുകളുടെ വിൽപ്പന.
ഫിലിപ്പീൻസിനാണ് ഇന്ത്യ ഹെലികോപ്റ്ററുകൾ വിൽക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ പ്രധാനപ്പെട്ട എയറോസ്പേസ് ഡിഫൻസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് ധ്രുവ് ഹെലികോപ്റ്ററുകളുടെ നിർമ്മാതാക്കൾ. എച്ച്.എ.എൽ ചെയർമാനും എംഡിയുമായ സി.ബി അനന്ദകൃഷ്ണൻ ആണ് ഹെലികോപ്റ്ററുകൾ വിൽപ്പനയ്ക്കൊരുങ്ങുന്ന കാര്യം പുറത്തുവിട്ടത്. ആദ്യ ഘട്ടത്തിൽ 20 ഹെലികോപ്റ്ററുകളാണ് ഫിലിപ്പീൻസിന് നൽകുന്നത്. ഘട്ടം ഘട്ടമായിട്ടാകും ഇവയുടെ കൈമാറ്റം എന്നാണ് സൂചന. ഫിലിപ്പീൻസുമായി ധാരണയിലാകുന്നതോടെ ആഗോള പ്രതിരോധ മാർക്കറ്റിലേക്കുള്ള എച്ച്എഎല്ലിന്റെ നിർണായക ചുവടുവയ്പ്പ് കൂടിയായി ഇത് മാറും.
അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകളുടെ വിഭാഗത്തിലാണ് നമ്മുടെ ധ്രുവ് ഹെലികോപ്റ്ററുകൾ ഉൾപ്പെടുന്നത്. 1992 ലാണ് ധ്രുവ് ഹെലികോപ്റ്ററുകൾ ആദ്യമായി ഇന്ത്യയുടെ ആകാശത്ത് വട്ടമിടുന്നത്. യുദ്ധോപകരണങ്ങളുടെ കൈമാറ്റം, വൈദ്യസഹായം എന്നിവയ്ക്കായാണ് ധ്രുവിനെ ഉപയോഗിക്കുന്നത്. സംസ്‌കൃതത്തിൽ നിന്നാണ് ധ്രുവ് എന്ന പേര് നൽകിയിക്കുന്നത്. ഉലയ്ക്കാനാകാത്തത് എന്നാണ് ഇതിനർത്ഥം. സൈനിക ആവശ്യങ്ങളും രക്ഷാപ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് ഇതിന്റെ നിർമ്മാണം.
കഴിഞ്ഞ രണ്ട് ദശകക്കാലമായി ഇന്ത്യൻ നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും സന്തത സഹചാരിയാണ് ധ്രുവ് ഹെലികോപ്റ്ററുകൾ. 2002 ലാണ് ധ്രുവ് ഹെലികോപ്റ്ററുകൾ ഔദ്യോഗികമായി സേനയുടെ ഭാഗമായത്. 5500 കിലോയാണ് ഹെലികോപ്റ്ററുകളുടെ ഭാരം. എട്ട് ടാങ്ക് വേധ മിസൈലുകൾ വഹിക്കാൻ ധ്രുവിന് ശേഷിയുണ്ട്. ഇതിന് പുറമേ നാല് ഉപരിതല- ഉപരിതല മിസൈലുകളും, റോക്കറ്റ് പോഡുകളും അനായാസം വഹിക്കാം. ധ്രുവിന്റെ നാവിക സേന പതിപ്പിന് നാല് കപ്പൽ വേധാ മിസൈലുകളെ താങ്ങാനുള്ള ശേഷിയുണ്ട്. 12 മുതൽ 14 ട്രൂപ്പുകളെ വഹിക്കാൻ ഇതിന് കഴിയും. എയർ ആംബുലൻസ് ആയും ഉപയോഗിക്കാം. ഇന്ത്യയ്ക്ക് പുറമേ നേപ്പാൾ സൈന്യവും, മൗറേഷ്യസ് പോലീസും ധ്രുവ് ഉപയോഗിക്കുന്നുണ്ട്.











Discussion about this post